റിങ്‌സിന്‍ കുഞ്ഞുവാവ ഡല്‍ഹിയിലിരുന്ന് ലേ-യിലുള്ള അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിക്കുന്നു!
ഒരു സ്വകാര്യവിമാനക്കമ്പനി ദിവസവും ഒരു കുഞ്ഞുപെട്ടി ലേയില്‍നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിക്കും. അത് സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നത് ലേയിലുള്ള ഡോര്‍ജെ പാല്‍മൊ എന്ന യുവതിയുടെ ഭര്‍ത്താവ് ജിക്മത് വാങ്ഡസും സഹോദരന്‍ ജിഗ്മത് ഗ്യാല്‍പോയും.
എല്ലാ ദിവസവും ആ വിമാനത്തിലെത്തുന്നതൊരു വാത്സല്യപ്പൊതിയാണ്. കഴിഞ്ഞ മാസം 16-ാം തീയതി ലേയിലെ ആശുപത്രിയില്‍ സീസേറിയന്‍ വഴി ആ യുവതിക്ക് പിറന്ന റിങ്‌സിന്‍ എന്ന ആണ്‍കുഞ്ഞിനുള്ള മുലപ്പാല്‍ നിറച്ച പെട്ടിയാണത്. പാലു കുടിക്കാനാകാതെ വിശന്നു കരഞ്ഞ കുഞ്ഞിനെ മാറോടണച്ച് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അന്നനാളത്തിനു തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ വിശദപരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് 2 ദിവസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി അമ്മയുടെ സഹോദരന്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. മൈസൂരുവില്‍ ജോലി ചെയ്യുന്ന പിതാവും പിന്നാലെ ഡല്‍ഹിയിലെത്തി. കോവിഡ് കാലമായതിനാല്‍ ലേയില്‍ തുടരേണ്ടി വന്ന അമ്മ എല്ലാ ദിവസവും മുലപ്പാല്‍ അയച്ചുകൊടുക്കുകയാണ്.
സ്വകാര്യവിമാനക്കമ്പനി പണമൊന്നും വാങ്ങുന്നുമില്ല. റിങ്‌സിന്‍ എന്നു പേരിട്ടിരിക്കുന്ന കുഞ്ഞ് ഈയാഴ്ച അവസാനം ആശുപത്രി വിടും. പിന്നെ ലേയില്‍ തിരിച്ചെത്തി അമ്മയുടെ മടിയില്‍ക്കിടന്നു പാലു കുടിക്കാം.
https://www.facebook.com/Malayalivartha