'ജഗ്ലിങ് അറ്റ് ഹോം' ഓണ്‍ലൈന്‍ മത്സരത്തില്‍ അഖില താരമായത് 400 തവണ പന്തിനെ കാലിലിട്ട് അമ്മാനമാടി...
കണ്ണൂര്‍ കൊവ്വപ്പുറം പഴങ്ങോട്ടെ മത്സ്യത്തൊഴിലാളിയായ ബൈജുവിന്റെ ഫുട്‌ബോള്‍ക്കമ്പം മകള്‍ അഖിലയെ കാല്‍പന്തിന്റെ ലോകത്തെത്തിച്ചു. അതുകൊണ്ട് ചെറുകുന്ന് ജിജിഎച്ച്എസ്എസിലെ ഏഴാം ക്ലാസുകാരി അഖില ഇപ്പോള്‍ നാട്ടിലെ താരമാണ്.
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനതലത്തില്‍ നടന്ന 'ജഗ്ലിങ് അറ്റ് ഹോം' ഓണ്‍ലൈന്‍ മത്സരത്തില്‍ അഖിലയാണ് ഒന്നാമതെത്തിയത്. മന്ത്രി ഇ.പി.ജയരാജന്‍ നേരിട്ട് വിളിച്ച് അഖിലയെ അഭിനന്ദിച്ചിരുന്നു.
ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ ബോറടിച്ചിരിക്കാതെ വീടിനടുത്തുള്ള പുഴക്കരയില്‍ നിലംതൊടീക്കില്ലെന്ന വാശിയോടെ അഖില പന്തിനെ കാലിലിട്ട് അമ്മാനമാടിയത് ഒരു തവണയല്ല, 400 തവണ വരെ!
നിലത്തുനിന്ന് അഖില കാലില്‍ കയറ്റുന്ന പന്ത് മുതുകത്ത് എത്തിച്ച് പന്തുമായിത്തന്നെ പുഷ്അപ് ചെയ്യും. തിരികെ കാലിലെത്തിക്കുന്ന പന്ത് നിലംതൊടാതെ തലയിലെത്തിക്കാനും അഖിലയ്ക്കാകും.
സാക്ഷാല്‍ ക്രിസ്റ്റ്യാനോ തന്നെയാണ് അഖിലയുടെ ഹീറോ. തയ്ക്വാന്‍ഡോയിലും അഖില മികവ് തെളിയിച്ചിട്ടുണ്ട്. പൂര്‍ണ പിന്തുണയുമായി അമ്മ ലീമയും ചേച്ചി അനീഷയും അഖിലയ്‌ക്കൊപ്പമുണ്ട്.
https://www.facebook.com/Malayalivartha