കമ്പും സൈക്കിളും കൊണ്ട് വഴി തടഞ്ഞ യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി
ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന കരിക്കംപള്ളി കോളനിയില്‍ മുഹമ്മദ് സലിം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍(13) ഇപ്പോള്‍ നാട്ടില്‍ താരമാണ്.
യാസീന്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കോളനിയില്‍ നൂറോളം വീടുകളുണ്ട്. ഇവിടെ നാട്ടുകാരുടെ സുരക്ഷയ്ക്കു വേണ്ടി സമയോചിതമായി ഇടപെട്ടതിനാണ് യാസിനെ തേടി അഭിനന്ദനം എത്തുന്നത്.
കോളനിയിലുള്ള ഒരാള്‍ കോവിഡ് പോസിറ്റീവായി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വന്നപ്പോള്‍ കോളനിയിലെ വഴിയിലൂടെ നൂറു മീറ്ററോളം നടന്നാണ് പോയത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് യാസീന്‍ ഇളയ സഹോദരന്‍ സല്‍മാനുമായി ചേര്‍ന്ന് വഴിയില്‍ സൈക്കിളും കമ്പും നിരത്തി തടയിട്ട ശേഷം വഴി അടച്ചു.
കോവിഡ് പോസിറ്റീവായ ആള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ തെറ്റായ നിര്‍ദേശം മൂലം പൊതുവഴിയില്‍ക്കൂടി നടന്നതിനാല്‍ അണുനശീകരണം നടത്തുന്നതുവരെ വഴി അടയ്ക്കുകയാണെന്ന് നോട്ട് ബുക്കിന്റെ താള്‍ കീറി 'നോട്ടിസും' പതിച്ചു.
യാസീന്റെ പ്രവൃത്തിക്കു നാടിന്റെ കയ്യടി ലഭിച്ചു. പക്ഷേ, വഴി തടഞ്ഞതിന് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന ഭീഷണിയും ഒപ്പമെത്തി. 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആരോഗ്യ വകുപ്പുകാരെത്തി അണുവിമുക്തമാക്കി.നാലുചിറ ഗവ. എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ യാസീന്‍ (13) വഴി അടച്ചപ്പോള്‍ ആളുകള്‍ക്ക് പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പഞ്ചായത്തംഗം മിജു അനില്‍കുമാര്‍ പറഞ്ഞു.
ഭീഷണി വന്നതോടെ, യാസീന്‍ മറ്റൊരു കുറിപ്പുകൂടി വച്ചു- 'കൂട്ടുകാരെ, കോവിഡ് സമൂഹവ്യാപനത്തെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ടാണ് അധികൃതര്‍ വരുന്നതുവരെ വഴി ബ്ലോക്ക് ചെയ്തത്. എന്റെ പേരില്‍ പൊലീസ് കേസ് എടുക്കാതിരിക്കാന്‍ എല്ലാവരും സഹായിക്കണം!'
https://www.facebook.com/Malayalivartha