ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ ജിന്‍-ന് വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും സ്വാദ്
ഐറിഷ് വിപ്ലവത്തിന്റെ നാട്ടില്‍ വയനാടന്‍ ജാതിക്കയുടെയും ഏലയ്ക്കയുടെയും നേര്‍ത്ത സ്വാദുള്ള ജിന്‍...കുപ്പിയുടെ ലേബലില്‍ 'വിപ്ലവ സ്പിരിറ്റ്' എന്നു പച്ചമലയാളത്തില്‍ എഴുതി വച്ചിരിക്കുന്ന ജിന്നിന്റെ പേര് 'മഹാറാണി'! അയര്‍ലന്‍ഡിലെ മലയാളിത്തം നിറഞ്ഞ ഈ വിദേശമദ്യത്തിനു പിന്നിലും മലയാളി തന്നെ; കിളികൊല്ലൂര്‍ സമത്വമഠത്തില്‍ രാജീവ് വാസവന്റെയും വിമലയുടെയും മകള്‍ ഭാഗ്യലക്ഷ്മി.
2013-ല്‍ എംബിഎ പഠിക്കാനാണു ഭാഗ്യലക്ഷ്മി അയര്‍ലന്‍ഡിലെത്തുന്നത്. അവിടെ വച്ച് ഐറിഷുകാരനായ റോബര്‍ട്ടിനെ പരിചയപ്പെട്ടു. 2017-ല്‍ ഇരുവരും കൊല്ലത്തെത്തി വിവാഹിതരായി. കോര്‍ക്ക് നഗരത്തില്‍ റോബര്‍ട്ട് 4 കോടി രൂപ ചെലവിട്ട് ഡിസ്റ്റിലറി തുടങ്ങി, അര നൂറ്റാണ്ടിനിടയിലെ ആദ്യ ഡിസ്റ്റിലറി. കഴിഞ്ഞ ജൂണില്‍ ഉല്‍പാദനം തുടങ്ങി. ഭര്‍ത്താവിന്റെ 'റിബല്‍ സിറ്റി ഡിസ്റ്റിലറി'യിലാണ് മദ്യം ഉല്‍പാദിപ്പിച്ചത്.
ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉല്‍പന്നമിറക്കാമെന്നത്. വയനാട്ടിലെ 'വനമൂലിക' എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു ജിന്‍ ഉല്‍പാദനം തുടങ്ങി. 49 യൂറോയാണ് (ഏകദേശം 4300 രൂപ) ഒരു കുപ്പിയുടെ വില.
'മോക്ഷം', 'സര്‍ഗാത്മകത' എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്. കേരളത്തനിമയുള്ള റം ആണ് അടുത്ത ലക്ഷ്യം. ജിന്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സ്‌കൂള്‍ മറ്റൊരു പദ്ധതി.
https://www.facebook.com/Malayalivartha