ഒരു സ്ഥലനാമത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയ ഹണി ട്രീ നിലം പൊത്തി
മൂന്നാര്‍ - മാട്ടുപ്പെട്ടി റോഡില്‍ കോരണ്ടക്കാടിനു സമീപം ഹണി പോയിന്റില്‍ പാതയോരത്ത് തലയുയര്‍ത്തി നിന്നിരുന്ന ഹണി ട്രീ കഴിഞ്ഞ ദിവസത്തെ കാറ്റിനെ അതിജീവിക്കാനാവാതെ നിലം പൊത്തി.തേനീച്ചകളുടെ ഇഷ്ട കേന്ദ്രം ആയിരുന്നു ഈ വന്മരത്തിന്റെ ചില്ലകള്‍. ഒരേ സമയം നൂറില്‍പരം തേനീച്ചക്കൂടുകള്‍ ഇതിലുണ്ടായിരുന്നു.
മാട്ടുപ്പെട്ടി സന്ദര്‍ശനത്തിന് എത്തുന്ന സഞ്ചാരികള്‍ക്ക് മധുരമുള്ള കാഴ്ചയായിരുന്നു ഈ മരം. അങ്ങനെ സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ ഈ സ്ഥലത്തിനു ഹണി പോയിന്റ് എന്നു പേരും വീണു.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരുന്ന ചില നാടോടി കുടുംബങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗവും ആയിരുന്നു ഈ മരം. ഈ മരത്തിന്റെ ചുവട്ടിലിരുന്ന്, പഞ്ചസാര ലായനിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് കുപ്പികളില്‍ നിറച്ച് ഇവര്‍ ഈ മരത്തില്‍ നിന്നു ശേഖരിക്കുന്ന തേന്‍ എന്ന പേരില്‍ വില്‍പന നടത്തിയിരുന്നു.
പ്രകൃതിക്ഷോഭത്തെ തടയാനാവാതെ ആ മരം നിലം പൊത്തിയതോടെ ഹണി പോയിന്റ് എന്ന സ്ഥലനാമവും ഇല്ലാതാവുന്നു.
https://www.facebook.com/Malayalivartha