ദീപപ്രഭയില്‍ പ്രണയാഭ്യര്‍ത്ഥന നടത്താന്‍ ഒരുക്കങ്ങള്‍ കൂട്ടി, പക്ഷേ ആ വിളക്കുകള്‍ വീട് ചാമ്പലാക്കി, എന്നാലും പ്രണയം ജ്വലിച്ചു തന്നെ നിന്നു!
സൗത്ത് യോക്ക്‌ഷൈറിലെ ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ബ്രിട്ടീഷുകാരനായ ആല്‍ബെര്‍ട്ട് നുഡ്ര്യുവിന്റെ പ്രണയാഭ്യര്‍ത്ഥനയുടെ കഥ പങ്കുവച്ചു. ഫയര്‍ഫോഴ്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെ ആ കഥ പുറത്തുവരാനുണ്ടായ കാരണം നുഡ്ര്യുവിന്റെ പ്രണയാഭ്യര്‍ത്ഥനയില്‍ അവര്‍ക്കിടപെടേണ്ടി വന്നതിനാലാണ്.
തങ്ങളുടെ പ്രൊപ്പോസലുകള്‍ വേറിട്ടതാക്കാന്‍ യുവജോഡികള്‍ എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന കാലമാണല്ലോ? ആല്‍ബെര്‍ട്ട് നുഡ്ര്യുവും തന്റെ പ്രണയിനിയായ വലേറിയ മെഡ്വികിനെ പ്രൊപ്പോസ് ചെയ്യാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വീടിനുള്ളില്‍ നൂറ് കണക്കിന് ടീലൈറ്റുകളും കാന്‍ഡിലുകളും കത്തിച്ചു വെച്ചു. മാത്രമല്ല വീട് നിറയെ ബലൂണുകള്‍ കെട്ടി, വൈന്‍ നിറച്ച ഗ്ലാസുകളും ഒരുക്കി.
സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 100-ലധികം ടീ ലൈറ്റുകളും 60 ബലൂണുകളും ഇയാള്‍ ഒരുക്കിയിരുന്നു. എല്ലാം സെറ്റ് ചെയ്ത ശേഷം കാമുകിയെ കൂട്ടികൊണ്ട് വരാനായി ഇയാള്‍ പുറത്ത് പോയി. പക്ഷേ ആ സമയത്ത് വീട്ടില്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
ടീലൈറ്റുകളുടെ അരികില്‍ കത്തിക്കാതെ വച്ച കാന്‍ഡിലുകളിലേക്കും തീ പടര്‍ന്ന് വീടു മുഴുവന്‍ കത്തി. പ്രണയിനിയുമായി തിരിച്ചെത്തിയ ആല്‍ബെര്‍ട്ട് കണ്ടത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തീയും പുകയും ഉരുന്നതും ഫയര്‍ഫോഴ്‌സ് തീയണക്കുന്നതുമാണ്. 'ഫോട്ടോകള്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം, നൂറ് കണക്കിന് ടീ ലൈറ്റുകള്‍ കത്തിയെരിഞ്ഞിരിക്കുന്നത്' - ചിത്രങ്ങള്‍ പങ്കുവെച്ച് ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടമെന്റ് കുറിച്ചിരിക്കുന്നു.
എന്നാല്‍ തന്റെ പ്രണയാഭ്യര്‍ത്ഥനയില്‍ നിന്ന് ആല്‍ബെര്‍ട്ട് പിന്മാറിയില്ല. കത്തിയെരിഞ്ഞ വീടിന് മുന്നില്‍ നിന്ന് തന്നെ ആല്‍ബെര്‍ട്ട് വലേറിയയെ പ്രൊപ്പോസ് ചെയ്തു. ആല്‍ബെര്‍ട്ടിനോട് വലേറിയ സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha