ദുബായ് കിരീടാവകാശി തന്റെ മെഴ്സിഡസ് ആ കിളിയ്ക്ക് വിട്ടുകൊടുത്തു...!
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജകുമാരന്‍ കുറച്ചു ദിവസത്തേക്ക് തന്റെ Mercedes-AMG G63 SUV കാര്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.
കാരണം കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒരു പക്ഷി കൂടുകൂട്ടിയിരിക്കയാണ്. മുട്ടകള്‍ വിരിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷികള്‍ കൂട് കൂട്ടിയിരിക്കുന്ന വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പക്ഷികള്‍ക്ക് ശല്യമുണ്ടാകാതെ ഏറെ ദൂരെനിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ദുബായിലെ വസതിയില്‍ തന്റെ Mercedes-AMG G63 SUV കാര്‍ കിടക്കുന്ന സ്ഥലം ടേപ്പ് കൊണ്ട് ചുറ്റി വേര്‍തിരിച്ച് സംരക്ഷിക്കുകയാണ് അദ്ദേഹം. ഈ ചിത്രം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷികള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ വസതിയിലെ ജീവനക്കാരോട് ആ ഭാഗത്തേക്ക് പോകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
'ചില സമയങ്ങളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളും വളരെ വലുതായിരിക്കുമെന്ന' അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ആഡംബര കാറിനു മുകളിലിരുന്ന് ആഡംബരം ഒട്ടും കുറയ്ക്കാതെ കുഞ്ഞിനെ സംരക്ഷിക്കുകയും കൂട് ഒരുക്കുകയുമാണ് ആ പക്ഷികള്‍.
https://www.facebook.com/Malayalivartha