85-കാരി നാരായണി പണ്ട് വിവാഹദിനത്തിലണിഞ്ഞ കമ്മല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞുപോയി, ഇന്നലെ തിരികെ കിട്ടി!
ബേഡഡുക്ക കുണ്ടംപാറയിലെ 85-കാരി നാരായണി 20 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ മനസ്സു തുറന്നൊന്നു ചിരിച്ചു. കാരണം 20 വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് കളഞ്ഞ് പോയ സ്വര്‍ണം നാരായണിയ്ക്ക് തിരികെ കിട്ടി. നാരായണിയുടെ വിവാഹത്തിനായി മാതാപിതാക്കള്‍ വാങ്ങി കൊടുത്ത ജിമിക്കി കമ്മല്‍ ആണ് 2000-ല്‍ കാണാതായത്.
''മൂന്നുപറ നെല്ല് സ്വര്‍ണപ്പണിക്കാര്‍ക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാര്‍ അതേ രൂപത്തിലൊരു കമ്മല്‍ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.'' - നാരായണി പറയുന്നു.
പവന് 4000 രൂപ വിലയുള്ളപ്പോഴാണ് കമ്മല്‍ നഷ്ടമായത്. തിരികെ കിട്ടുമ്പോള്‍ പവന് വില 40,000-ന് അടുത്തും. വീട്ടിലെ കിണറിന് സമീപമായിരുന്നു കമ്മല്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്ത് തൊഴിലുറപ്പ് ജോലിചെയ്തിരുന്ന ബേബിക്കും സംഘത്തിനുമാണ് കമ്മല്‍ ലഭിച്ചത്. തിരികെ കിട്ടിയത് കരനെല്‍കൃഷിക്ക് മണ്ണൊരുക്കുമ്പോഴായിരുന്നു. കിണറിനടുത്തുള്ള മണ്ണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് മണ്ണുമാന്തി ഉപയോഗിച്ച് കമ്മല്‍ കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു.
കമ്മല്‍ കിട്ടിയപ്പോള്‍ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് തങ്ങള്‍ക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു.
https://www.facebook.com/Malayalivartha