തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട് വൈറലായ ആ ഭാഗ്യവാനെ കണ്ടെത്തി!
ചവറ തട്ടാശ്ശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആ അപകട ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആ കാല്‍നടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാന്‍ തുടങ്ങി. തമിഴ്‌നാട് മധുര സ്വദേശിയായ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാര്‍ (52) ആണ് സമൂഹമാധ്യമങ്ങളും ചവറക്കാരും തിരക്കിയ ആ ഭാഗ്യവാന്‍.
ജോലിക്ക് പോകാനായി വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയില്‍ വിജയപാലസിനു മുന്നിലൂടെ നടന്നു പോവുകയായിരുന്നു നിര്‍മാണ തൊഴിലാളിയായ ശ്രീകുമാര്‍. പിന്നില്‍നിന്നും ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇന്‍സുലേറ്റഡ് മിനി വാന്‍ നിയന്ത്രണം വിട്ട് റോഡും കടന്ന് ഇടതു വശത്തു കൂടി കടന്നുപോയി. ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ ശ്രീകുമാറിനു മുന്നിലെ ക്യാമറത്തൂണില്‍ വാന്‍ ഇടിക്കുന്നത് കണ്ടപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്.
റോഡരികില്‍ പൊലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് വാന്‍ മറിയാതെ അദ്ഭുതകരമായി റോഡില്‍ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം. കുറേ മുന്നോട്ട് പോയശേഷം വാന്‍ നില്‍ക്കുകയായിരുന്നു. മരണ മുഖത്ത് നിന്നും രക്ഷപ്പെട്ട ശ്രീകുമാര്‍ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങി.
താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് ശനിയാഴ്ച വൈകിട്ട് വിഡിയോ കാണുമ്പോഴാണ് മനസിലായത്. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു വാന്‍. രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നല്‍കാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha