ലോക കൊതുക് ദിനമായ ഓഗസ്റ്റ് 20-ന് കൊതുകുകളോട് ഒരു വേറിട്ട പ്രതിഷേധം!
പള്ളുരുത്തി സ്വദേശിയും മരപ്പണിക്കാരനുമായ ബി.ജെ. ആന്റണി പണി കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായിരിക്കാന്‍ നോക്കുമ്പോഴാകും മൂളിപ്പറന്ന് കൊതുകുകള്‍ എത്തുക. എല്ലാ ദിവസവും നടക്കുന്ന ഈ കൊതുകുവേട്ട ഭൂരിപക്ഷം കൊച്ചിക്കാര്‍ക്കും പരിചിതമാണ്. പക്ഷേ ഇന്നലെ ആന്റണിയുടെ ക്ഷമകെട്ടു.
ഒരു സെറ്റ് കൊതുകുകളെ അടിച്ചു തറപറ്റിച്ച്, ഒരു വെള്ള പേപ്പറില്‍ പശ തേച്ച് ഒട്ടിച്ച്, അതില്‍ കൊതുകിനെ ഉപയോഗിച്ച് തന്നെ എഴുതി, 'കൊച്ചി'! കൊച്ചിയെ കൈപ്പിടിയിലാക്കിയിരിക്കുന്ന കൊതുകിനോട് ഇത്രയെങ്കിലും ചെയ്യണ്ടേ എന്നാണ് ആന്റണിയുടെ ചോദ്യം. ലോക കൊതുകു ദിനമായ ഓഗസ്റ്റ് 20-നായിരുന്നു ആന്റണിയുടെ ഈ സ്‌കെച്ചിടല്‍ പ്രതിഷേധം. അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടായിരുന്നില്ല ആന്റണിയുടെ കൊതുക് ഇല്ലസ്‌ട്രേഷന്‍ എങ്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ അതു ചര്‍ച്ചയായി.
ആന്റണിക്കും കുടുംബത്തിനും നൂറു നാവാണ്, വീടിനു പുറത്തു സുഖമായി കിടന്നുറങ്ങിയ ആ പഴയ കാലത്തെക്കുറിച്ച് പറയുമ്പോള്‍! അന്നൊക്കെ സുഖമായി വീടിനു പുറത്തു വരാന്തയില്‍ കിടന്നുറങ്ങാമായിരുന്നു, ഒരു പ്രശ്‌നമില്ല. ഇന്നത്തെ കാലത്ത് കൊച്ചിയില്‍ അതൊക്കെ ചിന്തിക്കാന്‍ കഴിയുമോ? ഏതൊരു കൊച്ചിക്കാരനും ചോദിക്കുന്ന ചോദ്യം തന്നെ ആന്റണിക്കും ചോദിക്കാനുള്ളത്. കൊതുകിനെ പേടിക്കാതെ കൊച്ചിയില്‍ ഉറങ്ങാന്‍ കഴിയുമോ?
https://www.facebook.com/Malayalivartha