50 അടി ഉയരത്തില്‍ മരത്തില്‍ ചൂണ്ടനൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ അഗ്‌നിരക്ഷാ സേന രക്ഷിച്ചു!
തൃശ്ശൂര്‍ കലക്ടറേറ്റ് വളപ്പിലെ മരച്ചില്ലയില്‍ ചൂണ്ടനൂലില്‍ കുരുങ്ങിക്കിടന്ന കാക്കയെ ഏണിവച്ചു കയറി അഗ്‌നിരക്ഷാ സേന രക്ഷിച്ചു. തീറ്റയും വെള്ളവും ലഭിക്കാതെ 50 അടി ഉയരത്തില്‍ മരത്തിനു മുകളില്‍ കുടുങ്ങിക്കിടക്കയായിരുന്നു കാക്ക.
പരമാവധി 40 അടി വരെ മാത്രമേ ഏണി ഉയര്‍ത്താന്‍ കഴിയൂ എന്നതിനാല്‍ മരത്തിനു മുകളിലെ കൊമ്പിലിരുന്നു തോട്ടി കെട്ടിയാണ് സി.എം. ശിവപ്രസാദ് എന്ന സേനാംഗം കാക്കയെ മോചിപ്പിച്ചത്.
കോള്‍പാടത്തു മീനിനെ പിടിക്കാന്‍ വച്ച ചൂണ്ടയുടെ നൂലില്‍ (ഈര) കാക്കയുടെ ചിറകും കാലും കുരുങ്ങുകയായിരുന്നു. കലക്ടറേറ്റിലെ റൂറല്‍ പൊലീസ് ഓഫിസിനു സമീപത്തെ വലിയ മരത്തില്‍ ബുധനാഴ്ച ആണ് കാക്ക കുരുങ്ങിയത്. മരണവെപ്രാളത്തിനിടെ മരത്തിന്റെ ചില്ലകളില്‍ ചൂണ്ടനൂല്‍ കുരുങ്ങിയതോടെ കാക്കയ്ക്ക് അനങ്ങാന്‍ കഴിയാതായി.
മറ്റു കാക്കകളുടെ കരച്ചില്‍ കേട്ടിറങ്ങി നോക്കിയ എസ്പി ഓഫിസിലെ പൊലീസുകാരാണ് കാക്ക കുടുങ്ങിയത് കണ്ടത്. ഇവര്‍ മൃഗസംരക്ഷണ വകുപ്പിനെയും സന്നദ്ധ സംഘടനകളെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന കാക്കയെ രക്ഷിച്ചു കാലിലും ചിറകിലുമായി കുരുങ്ങിയ ചൂണ്ടനൂല്‍ മാറ്റി.
സീനിയര്‍ ഫയര്‍ ഓഫിസര്‍ ടി. അനില്‍കുമാര്‍ കാക്കയെ പറത്തിവിട്ടതോടെ ദൗത്യം വിജയം. 2 മാസം മുന്‍പു പട്ടത്തിന്റെ നൂലില്‍ കുടുങ്ങിയ കാക്കയെയും അഗ്‌നിരക്ഷാ സേന മരത്തിനു മുകളില്‍ കയറി രക്ഷപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha