ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ മഗാവ, ഒരു എലിയാണ്!
കംമ്പോഡിയയിലെ ഒരു എലിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട മഗാവയെന്ന എലിയാണ് ധീരതയ്ക്കുളള അവാര്‍ഡ് നേടി താരമായത്.
ഏഴ് വയസുകാരനായ മഗാവ കുഴിബോബുകള്‍ കണ്ടെത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചാണ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. ചെറുപ്പം മുതല്‍ തന്നെ മഗാവ ഈ മേഖലയില്‍ പരിശീലനം നേടി ടെസ്റ്റുകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചു. തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിച്ചത്.
ലാന്‍ഡ്മൈന്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മഗാവ അവര്‍ക്ക് കൃത്യമായ സിഗ്നല്‍ നല്‍കും. 39 കുഴിബോംബുകളും 28-ലേറെ വെടിക്കോപ്പുകളും ഇതിനോടകം മഗാവ കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാന്‍ഡിലറിലെ സെന്‍സറുകളും ബോംബുകള്‍ കണ്ടെത്താന്‍ മഗാവയെ സഹായിക്കുന്നുണ്ട്. മഗാവയുടെ സഹപ്രവര്‍ത്തകരെല്ലാം മനുഷ്യരാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കുഴിബോംബുകള്‍ കണ്ടെത്തുന്ന ജോലിയായതിനാല്‍ ഹീറോ റാറ്റ് എന്നാണ് മഗാവ അറിയപ്പെടുന്നത്. മൃഗങ്ങളുടെ ധീരമായ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന ബ്രിട്ടീഷ് ചാരിറ്റിയായ പീപ്പിള്‍സ് ഡിസ്പെന്‍സറി ഫോര്‍ ആനിമല്‍സിന്റെ പരമോന്നത ബഹുമതിയാണ് മഗാവ നേടിയത്. ഈ ബഹുമതി നേടിയിട്ടുളള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ.
ചാരിറ്റി സംഘടനയായ അപോപോ ആണ് മഗാവയെ പരിശീലിപ്പിക്കുന്നത്. മൈനുകള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം നേടിയ നിരവധി എലികള്‍ ടാന്‍സാനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപോപോയുടെ പക്കലുണ്ട്. 141,000 ചതുരശ്ര മീറ്റര്‍ അഥവാ 20 ഫുട്ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ സ്ഥലത്തുനിന്നാണ് മഗാവ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
ഒരു ടെന്നീസ് കോര്‍ട്ടിനുളളിലെ സ്ഫോടകവസ്തു സാധ്യത പരിശീലനം സിദ്ധിച്ച എലിക്ക് 30 മിനിറ്റ് കൊണ്ട് കണ്ടെത്താനാകുമെന്ന് അപോപോ പറയുന്നു. ഭാരക്കുറവാണ് എലികള്‍ക്ക് അപകടം കൂടാതെ മൈനുകള്‍ കണ്ടത്താനാകുന്നതിന്റെ കാരണം.
https://www.facebook.com/Malayalivartha