170 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടിച്ച പുസ്തകം പൊന്നുപോലെ സൂക്ഷിക്കുന്നു സിഎസ്‌ഐ വൈദികന്‍ ഫ്രാന്‍സിസ്
മലബാറിലെ ആദ്യ പ്രസില്‍, 1845-ല്‍ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്ഥാപിച്ച കല്ലച്ചുകൂടത്തില്‍ 1851-ല്‍ അച്ചടിച്ച 'ലോകചരിത്ര ശാസ്ത്രം' എന്ന പുസ്തകം ഇന്നും തലശ്ശേരിയില്‍ ഭദ്രമായുണ്ട്. സിഎസ്‌ഐ വൈദികനായ റവ.ഡോ.ജി.എസ്.ഫ്രാന്‍സിസിന്റെ കയ്യിലാണ് പ്രസ്തുത പുസ്തകമുള്ളത്. മലബാറില്‍ അച്ചടിയെത്തിയതിന്റെ 175-ാം വാര്‍ഷികം ഒക്ടോബറിലായിരുന്നു. ഇപ്പോള്‍ ഡോ.ഫ്രാന്‍സിസിന്റെ കയ്യിലുള്ള പുസ്തകത്തിന്റെ പഴക്കമാകട്ടെ 169 വര്‍ഷം.
തലശ്ശേരി പ്രസ് സ്ഥാപിക്കപ്പെട്ടത് ബാസല്‍ മിഷന്‍ പ്രചാരണങ്ങളുടെ ഭാഗമായി 1845 ഒക്ടോബര്‍ 23-നാണ്. ഈ പുസ്തകം ആദ്യം ലഭിച്ചത് സഭാപ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ.കെ.സത്യവ്രതനാണ്. ഗുണ്ടര്‍ട്ടിനു ശേഷം സെമിനാരി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇ.കെ.സത്യവ്രതന്‍ മകനായ ജോര്‍ജ് സത്യസന്ധന് ഈ പുസ്തകം കൈമാറി. ജോര്‍ജ് സത്യസന്ധന്റെ മകളെയാണ് ഡോ.ഫ്രാന്‍സിസ് വിവാഹം കഴിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞതിനാല്‍ വര്‍ഷങ്ങളായി ഇദ്ദേഹം പുസ്തകം ഭദ്രമായി സൂക്ഷിക്കുന്നു.
ക്രിസ്തുവിനു മുന്‍പുള്ള കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഇതിന്റെ ഒന്നാം കാണ്ഡ(ഭാഗം)മാണ് 1851-ല്‍ പുറത്തിറങ്ങിയത്. തലശ്ശേരി മിഷന്‍ പ്രസില്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഛാപിതം എന്ന പേരിലാണ് പുറത്തിറക്കിയത്. 1864 വരെയാണ് ഈ പ്രസ് പ്രവര്‍ത്തിച്ചത്. പിന്നീട് ലെറ്റര്‍ പ്രസ് നിലവില്‍ വന്നു. തമിഴ്‌നാട്ടുകാരനായ ഡി.കണ്യന്‍ കുടു എന്നയാളുടെ സഹായത്തോടെയാണ് ഗുണ്ടര്‍ട്ട് പ്രസ് നടത്തിയത്. പുസ്തകങ്ങളില്‍ കാണുന്ന കയ്യക്ഷരം അദ്ദേഹത്തിന്റേതാണ്.
https://www.facebook.com/Malayalivartha