ക്യാപ്റ്റന്‍ കൂള്‍ 2000 കരിങ്കോഴി കുഞ്ഞുങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി
റാഞ്ചിയിലുള്ള ധോണിയുടെ ഓര്‍ഗാനിക് ഫാമിലേക്ക് പോഷകസമ്പുഷ്ടമായ കറുത്ത മാംസമുള്ള കരിങ്കോഴിയുടെ (കടക്‌നാഥ് കോഴി) 2000 കുഞ്ഞുങ്ങളെ മഹേന്ദ്ര സിങ് ധോണി ബുക്ക് ചെയ്തു. മധ്യപ്രദേശിലെ ബീലാഞ്ചല്‍ മേഖലയുടെ തനത് കോഴിയിനമായ കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ മധ്യപ്രദേശില്‍നിന്ന് തന്നെയാണ് എത്തിക്കുക.
മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15-ന് കുഞ്ഞുങ്ങളെ കൈമാറും.
പച്ചക്കറികളും കന്നുകാലിവളര്‍ത്തലുമെല്ലാം ഉള്‍പ്പെടുന്ന തന്റെ 43 ഏക്കര്‍ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. സഹിവാള്‍ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികള്‍. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി-താറാവ് എന്നിവയും ഇവിടുണ്ട്.
മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്‌ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത. മധ്യപ്രദേശിന്റെ തനത് കോഴിയിനമായ കരിങ്കോഴിക്ക് ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡുമായി നീണ്ടനാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്. ആദിവാസി മേഖലയായ ജാബുവയില്‍ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha