കൊച്ചി കോര്‍പറേഷന്റെ ഏഴാം ഡിവിഷനായ ചെറളായിയില്‍ വോട്ടുചോദിക്കുന്നത് മലയാളത്തിലല്ല...!
എറണാകുളം മട്ടാഞ്ചേരിയില്‍ കൊച്ചി കോര്‍പറേഷന്റെ ഏഴാം ഡിവിഷനായ ചെറളായിയില്‍ വോട്ടു ചോദിക്കാന്‍ മലയാളം മതിയാവില്ല, കൊങ്കണി ഭാഷ തന്നെ വേണം. അല്‍പം ഗുജറാത്തി ഭാഷ അറിഞ്ഞിരിക്കുന്നതും നല്ലത്. വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍ ഗൗഡ സാരസ്വത ബ്രാഹ്മണരാണ്(ജി.എസ്.ബി). അവരുടെ ഭാഷയാണ് കൊങ്കണി.
മലയാളത്തില്‍ സുന്ദരമായി സംസാരിക്കുകയും എഴുതുകയും ചെയ്യുമെങ്കിലും മാതൃഭാഷ കേട്ടാലെ വോട്ടര്‍ക്ക് ഒരു സംതൃപ്തിയുള്ളൂ എന്നാണ് സ്ഥാനാര്‍ഥികളുടെ പക്ഷം. ഇവിടത്തെ പ്രധാന മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ജി.എസ്.ബി വിഭാഗത്തിലുള്ളവരാണ്. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ജി.എസ്.ബിയില്‍പെടുന്നവരായതുതന്നെ കാരണം.
വോട്ടര്‍മാരെ അവരുടെ മാതൃഭാഷയില്‍ തന്നെ സംസാരിച്ച് വീഴിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ഓരോ വിഭാഗവും തിങ്ങിപ്പാര്‍ക്കുന്നയിടത്തേക്ക് കടന്നുചെല്ലുമ്പോള്‍ വോട്ടര്‍മാരുടെ മാതൃഭാഷയിലാണ് പ്രചാരണം. ബാനറുകളും പോസ്റ്ററുകളും നോട്ടീസുകളുമൊക്കെ കൊങ്കണിയില്‍. ഗുജറാത്തികളുള്ളിടത്ത് ഗുജറാത്തിയിലും ബാനറും പോസ്റ്ററും ഉയര്‍ന്നിട്ടുണ്ട്. അനൗണ്‍സ്മെന്റും കൊങ്കിണിയില്‍ത്തന്നെ. മലയാളികളെ കണ്ടാല്‍ ഉടന്‍ മാറ്റിപ്പിടിക്കും എന്നുമാത്രം.
5800 വോട്ടര്‍മാരുള്ള ചെറളായില്‍ കഴിഞ്ഞ 32 വര്‍ഷമായി ബി.ജെ.പിയാണ് ജയിച്ചിട്ടുള്ളത്. എന്‍.ഡി.എയുടെ രഘുറാം പൈ, എല്‍.ഡി.എഫില്‍നിന്ന് ജനാര്‍ദന ഷേണായി, യു.ഡി.എഫില്‍നിന്ന് സുരേഷ് പൈ എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്നാല്‍, മലയാളം തീരെ ഒഴിവാക്കിയിട്ടുമില്ല. മരുന്നിന് ഉണ്ടുതാനും! കൗതുകകരമായ മറ്റൊന്നുകൂടിയുണ്ട്. ഒരു കാലത്ത് വാമൊഴിയല്ലാതെ കൊങ്കണി ഭാഷയ്ക്ക് ലിപിയില്ലായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ലിപി പ്രാബല്യത്തിലായത്.
https://www.facebook.com/Malayalivartha