കോഴി ഇറച്ചി ഇനി മുതല്‍ ലബോറട്ടറിയില്‍ നിന്നും; ലാബ് ഇറച്ചി വിപണിയില്‍ എത്തിച്ച് സിംഗപ്പൂര്‍; വിപണിയിലെത്തുന്നത് യു.എസ് കമ്പനിയുടെ ഇറച്ചി; കൃത്രിമ മാംസത്തിന് ഗുണങ്ങള്‍ ഏറെയെന്ന് കമ്പനിയുടെ അവകാശവാദം
ഇനി മുതല്‍ കോഴി ഫാമുകളിലെ കോഴി ഇറച്ചിയല്ല ലബോറട്ടറിയില്‍ നിന്നുമുള്ള കൃതിമ കോഴി ഇറച്ചിയാകും മനുഷ്യന് കറിവയ്ക്കാന്‍ ലഭിക്കുക. ലോകത്താദ്യമായി ലബോറട്ടറിയില്‍ നിര്‍മിക്കുന്ന ഇറച്ചി വിപണിയില്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍. യുഎസ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിനാണ് ലാബില്‍ നിര്‍മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച് ഇറച്ചി വില്‍ക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഈറ്റ് ജസ്റ്റ് മാറി. ആരോഗ്യ, പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും മൂലം ലാബില്‍ ഉത്പാദിപ്പിച്ച ഇറച്ചിയോടുള്ള ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
സസ്യവിഭവങ്ങള്‍ ഉപയോഗിച്ച് ഇറച്ചിയ്ക്ക് സമാനമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കും വിദേശത്ത് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ലാബില്‍ നിര്‍മിക്കുന്ന മാംസം വിപണിയിലെത്തുന്നത് ഇതാദ്യമാണ്. ലാബിലെ പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ മാംസപേശികള്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനു പരമ്പരാഗത മാംസോത്പാദനത്തെ അപേക്ഷിച്ച് ചെലവും കൂടുതലാണ്. ലോകത്താദ്യമായി തങ്ങളുടെ ഉത്പന്നം വിപണിയിലെത്തിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിവരം ഈറ്റ് ജസ്റ്റ് കമ്പനി തന്നെയാണ് പുറത്തു വിട്ടത്. കൃത്രിമമാംസം കൊണ്ടുണ്ടാക്കിയ നഗറ്റ്‌സ് ആയിരിക്കും വിപണിയിലെത്തിക്കുകയെന്നും ഇതിന് ഒരു പാക്കറ്റിന് 50 ഡോളര്‍ വില വരുമെന്നും കമ്പനി അറിയിച്ചു. ഇത് സാധാരണ നഗറ്റ്‌സിന്റെ വിലയുടെ പത്തിരട്ടിയോളമാണ്. എന്നാല്‍ ഉത്പന്നത്തിന്റെ വില കുറയുമെന്നും പ്രീമിയം ചിക്കനോടു കിട പിടിക്കുന്ന വിലയില്‍ കൃത്രിമമാംസം കൊണ്ടു നിര്‍മിച്ച നഗറ്റ്‌സ് സിംഗപ്പൂരിലെ ഭക്ഷണശാലകളില്‍ ലഭ്യമാകുമെന്നും സ്ഥാപനത്തിന്റെ സഹസ്ഥാപകനും സിഇഓയുമായ ജോഷ് ടെട്രിക്ക് പറഞ്ഞു. എന്നാല്‍ ഉത്പാദനച്ചെലവും വിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായില്ല.
2021 അവസാനത്തിനു മുന്‍പായി കമ്പനി ലാഭത്തിലാകുമെന്നും ഉടന്‍ തന്നെ ഓഹരി വില്‍പന ആരംഭിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലോകത്ത് കൃത്രിമ ഇറച്ചി ഉത്പാദിപ്പിക്കാനായി ഇരുപതിലധികം കമ്പനികള്‍ നിലവില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇതുവരെ കൃത്രിമ മാംസം പരക്കേ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും 2029ഓടു കൂടി ഇതിനു 140 ബില്യണ്‍ ഡോളറിന്റെ വിപണിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പരീക്ഷണ നിരീക്ഷണത്തിന് ശേഷമാണ് മാംസം പൊതുവിപണിയില്‍ വില്‍പനക്ക് എത്തിക്കുന്നത്.
https://www.facebook.com/Malayalivartha