സോഷ്യലിസവും മമത ബാനര്‍ജിയും പുതിയ ദാമ്പത്യ ജീവിതത്തിലേക്ക്; ബംഗാളിലല്ല തമിഴ്‌നാട്ടിലെ സേലത്ത്; കമ്യൂണിസം, ലെനിനിസം, സോഷ്യലിസം, ഒരു സഖാവ് മക്കള്‍ക്കിട്ട പേരുകള്‍ ഇപ്പോള്‍ വൈറലാകുന്നു
ഇതൊരു രാഷ്ട്രീയ വാര്‍ത്തയല്ല വിവാഹ വാര്‍ത്തയാണ്. സോഷ്യലിസവും മമത ബാനര്‍ജിയും ചേര്‍ന്ന് പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്. ബംഗാളില്‍ അല്ല ഇവിടെ തമിഴ്‌നാട്ടിലെ സേലത്താണ്. വരനാണ് എ.എം.സോഷ്യലിസം. വധു പി.മമത ബാനര്‍ജിയും. ഇനി പേരിന് പിന്നിലെ കൗതുകം പറയാം, വരന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് നേതാവും വധു കോണ്‍ഗ്രസ് അനുഭാവി കുടുംബത്തില്‍ നിന്നും ഉള്ളവരാണ്.
സേലത്തെ സിപിഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ് എ.മോഹന്‍. 18-ാം വയസ്സു മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട് മോഹന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേര്‍ന്നു നില്‍ക്കുന്ന പേരിടാന്‍ തീരുമാനിച്ചതെന്നു മോഹന്‍ പറയുന്നു.
മൂന്നു ആണ്‍കുട്ടികളാണു മോഹനു ജനിച്ചത്. തീരുമാനം പോലെ തന്നെ മൂവര്‍ക്കും പേരു നല്‍കി; കമ്യൂണിസം, ലെനിനിസം, സോഷ്യലിസം. കമ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് ആഭരണ നിര്‍മാണശാല നടത്തുന്നു. മൂവരും കടുത്ത പാര്‍ട്ടി അനുഭാവികള്‍. ലെനിനിസം തന്റെ മകന് മാര്‍ക്‌സിസം എന്നാണു പേരിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമാണെങ്കിലും മമത ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. വളരെ ലളിതമായി നടക്കുന്ന വിവാഹ ചടങ്ങില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha