മുട്ടയിടാൻ ചിന്നു കേമി തന്നെ,ആറ് മണിക്കൂറിനുള്ളിൽ തുരുതുരേ... 24 മുട്ടകൾ, എല്ലാവരേയും അത്ഭുതപ്പെടുത്തി മുട്ടയിടലിൽ താരമായി ചിന്നുക്കോഴി
നമ്മെ അത്ഭുതപ്പെടുത്തുന്ന പ്രവർത്തികൾ കാട്ടുന്ന ജീവജാലങ്ങളുടെ വാർത്തകൾ വൈറലാകാറുണ്ട്. ഇനിനെ കുറിച്ച് കേൾക്കാനും അറിയാനും എല്ലാവർക്കും വലിയ താത്പര്യമാണ്. ഇപ്പോൾ നമ്മെ അത്ഭുതപ്പെടുത്തുകയാണ് ഒരു കോഴി. സാധാരണ ഒരു കോഴി ഒരു ദിവസം എത്ര മുട്ടയിടും ഒന്ന് അല്ലെങ്കിൽ മാക്സിമം പോയാൽ രണ്ട്.
എന്നാൽ ആലപ്പുഴ പുന്നപ്ര തെക്ക് ചെറകാട്ടിൽ സി.എൻ.ബിജുകുമാറിന്റെ വീട്ടിലെ കോഴി ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ട് എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. ബിജുകുമാറിന്റെ മക്കൾ 'ചിന്നു' എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്.
ബിവി 380 എന്ന സങ്കരയിനം കോഴിയാണ് 24 മുട്ടയിട്ട് താരമായത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജുകുമാർ കോഴിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളിൽനിന്ന് മാറ്റി നിർത്തി. അൽപനേരം കഴിഞ്ഞ് തുടർച്ചയായി മുട്ടയിടുകയായിരുന്നു.
വിവരം അറിഞ്ഞ് ഇത് കാണാനെത്തിയ നാട്ടുകാരേയും ചിന്നു നിരാശരാക്കിയില്ല. മുട്ടയിടൽ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടൽ തുടർന്നു. എട്ടു മാസം പ്രായമായ ചിന്നുവിനെ ഉൾപ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് 7 മാസം മുൻപാണ് ബിജുവും ഭാര്യ മിനിയും ചേർന്ന് വാങ്ങിയത്.
https://www.facebook.com/Malayalivartha