സിഗ്നലിങ്ങിനും വിമാനങ്ങളുടെ പറക്കലിനും തടസ്സമാകുന്ന നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് നോട്ടീസ്: 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസ്സങ്ങൾ നീക്കാൻ ശ്രമം...
തിരുവനന്തപുരം വിമാനത്താവളത്തിലെ സിഗ്നലിങ്ങിനും വിമാനങ്ങളുടെ പറക്കലിനും തടസ്സമാകുന്ന നഗരത്തിലെ ഉയരമുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഉടമസ്ഥർക്കു സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നോട്ടിസ്. പ്രാഥമിക സർവ്വേയ്ക്ക് ശേഷമാണ് നോട്ടിസ് നൽകിയത്. വിമാനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയായേക്കാവുന്ന കെട്ടിടങ്ങളുടെ ഉയരം സ്വയം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. 150 പേർക്ക് ഇതുവരെ നോട്ടിസ് അയച്ചു കഴിഞ്ഞു. രാജ്യത്തു തന്നെ ഏറ്റവും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാവുന്ന വിമാനത്താവളമാണ് തിരുവനന്തപുരം.
എന്നാൽ, ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കും ലാൻഡിങ് പെട്ടെന്ന് ഒഴിവാക്കി തിരിച്ചു പറക്കേണ്ടി വരുന്ന വിമാനങ്ങൾക്കും ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും പ്രതിസന്ധിയാകുന്നുണ്ട്. റൺവേയിൽ നിന്ന് 20 കിലോമീറ്റർ ദൂരത്തിലുള്ള തടസ്സങ്ങളാണ് പ്രധാനമായി പരിശോധിക്കുന്നത്. ടേക്ക്ഓഫിനും ലാൻഡിങ്ങിനും തടസ്സം സൃഷ്ടിക്കാവുന്ന 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസ്സങ്ങളാണ് ഒഴിവാക്കാൻ ലക്ഷ്യമിടുന്നത്.
കെട്ടിടങ്ങളുടെയും അനുബന്ധ നിർമിതികളുടെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, എയ്റോഡ്രോം റഫറഴ്സ് പോയിന്റിൽ നിന്നു കെട്ടിടങ്ങൾക്കുള്ള അകലം, നിർമാണ തീയതി, മറ്റു തടസ്സങ്ങളുണ്ടെങ്കിൽ അവ എന്നിവ 15 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വിവരങ്ങൾ ശേഖരിച്ച ശേഷം പുതിയ കളർ
കോഡഡ് സോണിൽ മാപ്പ് തയാറാക്കി തുടർ നടപടികളിലേക്കു കടക്കും. അതേ സമയം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോൾ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോർഡ് വളർച്ചയും വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ ആകെ 3,23,792 യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.
2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നെങ്കിൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ 2022 ജനുവരിയിൽ 1,671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ 2,198 ആയി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 രാജ്യാന്തര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.
ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കത്ത്, ബഹ്‌റൈൻ, ദമാം, കുവൈത്ത്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 രാജ്യാന്തര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പുണെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കുമാണ് സർവീസ്.
അതോടൊപ്പം തന്നെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതിനനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha