മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്
സങ്കടക്കടലിലായിരുന്ന മരണ വീട്ടിൽ മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ മത്സരം. പിടിവലിക്കിടെ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളിയും തമ്മിൽ തല്ലുമായി. ഒടുവിൽ മൂന്ന് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിന്റെ കാവലിൽ സംസ്കാരം നടന്നു. ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് കണ്ണൂർ ഇരിട്ടി കുയിലൂരിൽ.
ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടിൽ എൻ വി പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. സഹോദരൻ അന്തിമോപചാരം അർപ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. മുൻപ് ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്.
എന്നാൽ പ്രജിത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്. മൃതദേഹം വീട്ടിൽ നിന്നെടുക്കുമ്പോൾ ശാന്തിമന്ത്രം ചൊല്ലാൻ പ്രജിത്തിന്റെ സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരും കൈയിൽ പൂക്കൾ കരുതിയിരുന്നു. ഇവർ ശാന്തിമന്ത്രം ചൊല്ലുന്നതിനിടെ സിപിഎം അനുകൂലവിഭാഗം മൃതദേഹം സംസ്കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോർവിളിയുമായി മറുവിഭാഗവുമെത്തി.
ചിതയിൽ കിടത്തിയ മൃതദേഹത്തിന് ചുറ്റും സംസ്കരിക്കാനെത്തിച്ച വിറകുമായി പോർവിളിയും ഉന്തും തള്ളുമായി. ഇതിനിടയിൽ ചിലർക്ക് മർദനമേറ്റു. സ്ഥലത്തെത്തിയ ഇരിക്കൂർ എസ് ഐ ദിനേശൻ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി ഐവർമഠം അധികൃതരെയും ബന്ധുക്കളെയും മാത്രം നിർത്തി. ഇതിനിടയിൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ റിപ്പോർട്ടിനെത്തുടർന്ന് ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിൽ ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളിൽനിന്നായി മുപ്പതിലധികം പൊലീസുകാരും സ്ഥലത്തെത്തി.
കൂടുതൽ പൊലീസെത്തിയതോടെ അവിടെ തടിച്ചുകൂടിയ പലരും ഉൾവലിഞ്ഞു. രാത്രി 10ഓടെ മൃതദേഹം കത്തിത്തീർന്ന ശേഷമാണ് പൊലീസ് പിൻവാങ്ങിയത്. സംഭവത്തിൽ ആർക്കെതിരേയും കേസെടുത്തിട്ടില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ട്.
ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവാൻ സാദ്ധ്യത. ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തമാവും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ബദൽ സംവിധാനമൊരുക്കാനോ കഴിയാത്തത് ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കും. പതിവു പോലെ, സഭയിലെ മേൽക്കോയ്മയാവും ഭരണപക്ഷത്തിന്റെ പ്രതിരോധം. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന് മറ്റൊരായുധമാണ്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്നാ സുരേഷ് കടുത്ത ആരോപണമുന്നയിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തിട്ടും നിയമനടപടിക്ക് മുതിരാത്ത സർക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടും പ്രതിപക്ഷത്തിന് വടിയാവും.മാർച്ച് 30 വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും 23 നോ 24 നോ അവസാനിപ്പിക്കാനും സാദ്ധ്യതയുണ്ട്. സ്വപ്നയുടെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഉണ്ടാകുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു. സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ല എന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയും സഭയിൽ ചർച്ചയാകും.
ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ ജനപങ്കാളിത്തം കുറയുന്നതും അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങളും പ്രതിപക്ഷം ആയുധമാക്കും. ബ്രഹ്മപുരത്തു തീ അണയ്ക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടില്ല എന്നാണു സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നതെങ്കിലും സഭയിൽ പ്രതിരോധിക്കുക എളുപ്പമാകില്ല. മാലിന്യസംസ്കരണത്തിനു സർക്കാരിനു മുന്നിൽ വഴികളില്ലെന്നും തീർത്തും പരാജയമാണെന്നുമാണു പ്രതിപക്ഷം വിലയിരുത്തുന്നത്. ആറ്റുകാൽ പൊങ്കാല, ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ പ്രമാണിച്ചാണു സഭാ സമ്മേളനം കഴിഞ്ഞ ചൊവ്വ മുതൽ നിർത്തിവച്ചത്. ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ധനാഭ്യർഥനകളിലെ ചർച്ചകൾ 21,21 തീയതികളിലേക്കു മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha