മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി.
കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്ന ജോലിയാണ് സജിയ്ക്ക്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചുനല്‍കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. കമ്പിവേലി നിര്‍മിച്ചതിനോടൊപ്പം സജി അവിടെ മൊബൈല്‍നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് വിളിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. ആരോടോ മൊബൈലില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.
അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരം വിളിക്കാനാരംഭിച്ചായി സജി പറയുന്നു. അര്‍ധരാത്രിയും, ഫോണ്‍ വിളികളുണ്ടാകാറുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിയിച്ചാലും വിളിക്കുന്നത് തുടരുന്നതായും സജി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നാല്‍പത് ഫോണ്‍കോള്‍ വരെ വന്നിട്ടുണ്ടെന്നും ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാല്‍ കോളുകള്‍ എടുക്കാതിരിക്കാനാവില്ലെന്നും സജി പറഞ്ഞു. ശ്രീകണ്ഠാപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് എസ്പിയ്ക്ക് പരാതി നല്‍കിയതെന്നും തൊപ്പിയെപ്പോലെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്നും സജി കൂട്ടിച്ചേര്‍ത്തു.
കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിറയുന്നത് തൊപ്പി എന്ന യൂട്യൂബറുടെ വിശേഷങ്ങളാണ്. പോകുന്നിടത്തെല്ലാം അയാൾക്ക് ചുറ്റും കൂടുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോകൾ വൈറലായതോടെയാണ് അതുവരെ ആ പേരു ശ്രദ്ധിക്കാത്തവർ പോലും ആരാണ് തൊപ്പി എന്നു അന്വേഷിച്ചു തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ തൊപ്പിയുടെ യഥാർത്ഥ പേര് നിഹാദ് എന്നാണ്. കണ്ണൂർ സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ mrz thoppi എന്ന യൂട്യൂബ് ചാനലിന് ആറു ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉണ്ട് ഇന്ന്.
18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം വാക് പ്രയോഗങ്ങൾ, ടോക്സിക് മനോഭാവം എന്നിവയൊക്കെയാണ് തൊപ്പിയുടെ വീഡിയോകളിൽ നിഴലിക്കുന്നത്. സഭ്യതയില്ലാതെ വീഡിയോകൾ അവതരിപ്പിക്കുന്ന തൊപ്പിയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന് ആരോപിച്ചുകൊണ്ട് അധ്യാപകരടക്കം പലരും രംഗത്തുവന്നിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ് തൊപ്പിയുടെ വീഡിയോകൾക്ക് നേരെ ഉയരുന്ന മറ്റൊരു വിമർശനം.
സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായാണ് പലപ്പോഴും തൊപ്പി വീഡിയോകളിൽ അവതരിപ്പിക്കുന്നത്. വിജയ് ബാബു നിർമിക്കുന്ന പുതിയ ചിത്രത്തിൽ തൊപ്പി അഭിനയിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ‘ലോക്കോ’യിലൂടെയാണ് പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം തൊപ്പി വെളിപ്പെടുത്തിയത്. ചെറുപ്പം മുതലേ ഗെയിമിങില്‍ തല്‍പ്പരനായ തൊപ്പി ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്‍സ്റ്റാഗ്രാം റീല്‍സ് തൊപ്പിക്ക് കൂടുതല്‍ ആരാധകരെ നേടി കൊടുത്തു. അമേരിക്കന്‍ യൂ ട്യൂബറായ ‘ഐ ഷോ സ്പീഡറുടെ’ അനുകരണമാണ് തൊപ്പി നടത്തുന്നതെന്നും പരക്കെ വിമര്‍ശനമുണ്ട്. തൊപ്പി ടോക്സിക് പാരന്റിംഗിന്റെ ഇരയാണെന്ന രീതിയിലും ഒരു വിഭാഗം ആളുകൾ വിലയിരുത്തുന്നുണ്ട്. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാല അനുഭവത്തെ കുറിച്ച് തൊപ്പി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
എന്റെ വീട്ടിൽ കർശന നിയന്ത്രണങ്ങൾ ആയിരുന്നു. പാട്ട് കേൾക്കാൻ പാടില്ല, സിനിമ കാണാൻ പാടില്ല, ഗെയിം കളിക്കാൻ പാടില്ല. ഭീകരമായ മതപരമായ ചുറ്റുപാട് ആയിരുന്നു. അങ്ങിനെയാണ് ഞാനൊരിക്കൽ ഒരു കടയിൽ കയറി പണം മോഷ്‌ടിക്കുന്നത്. എന്നിട്ട് ആ കാശ് വിതറിയെറിഞ്ഞു നടന്നു. എന്നെ നാട്ടുകാർ പിടികൂടി. ഒരേ വീട്ടിലാണ് താമസമെങ്കിലും എന്റെ ഉപ്പ അതിന് ശേഷം എന്നോട് മിണ്ടിയിട്ടില്ല. ഉമ്മയ്ക്ക് എന്നോട് സ്നേഹമുണ്ട്,
അനിയൻ പോലും എനിക്ക് സപ്പോർട്ട് തരുന്നില്ല, കുടുംബക്കാർക്ക് ഭയങ്കര ചൊറിച്ചിൽ ആണ്. ഞാൻ പുറത്തേക്ക് അധികം പോകാറില്ല. വീട്ടിൽ തന്നെയിരിക്കും. താമസം മാറണമെന്നുണ്ട് , പക്ഷേ എനിക്ക് പോകാനൊരിടമില്ല. മാതാപിതാക്കളിൽ നിന്നും വീടിനകത്തു നിന്നും ലഭിക്കുന്ന പരിഗണനയില്ലായ്മയാണോ തൊപ്പിയെ ഈ രീതിയിൽ ടോക്സിക് വ്യക്തിയാക്കി മാറ്റിയതെന്ന ആശങ്കയും പലരും ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha