'വിമാനശവപ്പറമ്പില്‍, ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വരെ
വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടോ? അമേരിക്കയില്‍ അങ്ങനെയൊന്നുണ്ട്. വിമാനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശവപ്പറമ്പിന്റെ മുക്കും മൂലയും അരിച്ചുപെറുക്കാനുള്ള അവസരമൊരുക്കുന്നതാണ് ബിംഗിന്റെ ഇന്ററാക്ടീവ് മാപ്പ്.
അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ വിമാനങ്ങളുടെ ശവമ്പറമ്പില്‍ അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം നിലത്ത് നിരത്തിയിട്ടിരിക്കുന്നത്. ബിംഗിന്റെ ഇന്ററാക്ടീവ് ഭൂപടത്തിലെ ബേഡ് ഐ സംവിധാനം വഴി 3 ഡി രൂപത്തില്‍ വിമാനങ്ങള്‍ നമുക്കു മുന്നില്‍ തെളിഞ്ഞു വരും. ഓരോ വിമാനത്തിന്റെയും രൂപഭാവങ്ങള്‍ അങ്ങനെ മുക്ക് നിരീക്ഷിക്കാനാകും.
അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടം അണിയിച്ചിട്ടുണ്ട്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ഈ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്‌പേസ് മെയിന്റനന്‍സിലെ 309-ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്.
ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇങ്ങനെ മരുഭൂമിയില്‍ നിരന്നുകിടക്കുകയാണ്. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും സംഗീത വിഡിയോകള്‍ക്കുമൊക്കെ ഈ വ്യോമതാവളം കേന്ദ്രമായിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: റിവെഞ്ച് ഓഫ് ദ് ഫാളന്‍ എന്നതടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചവയാണ്.
ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസിനെ പല വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. താത്ക്കാലികമായി എയര്‍ഫോഴ്‌സ് ബേസിലെത്തി അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരിച്ചുപോകാനാകുന്നവ തൊട്ട് പ്രവര്‍ത്തിക്കാനാവുന്ന എല്ലാ ഭാഗങ്ങളും അഴിച്ചു മാറ്റി മാറ്റിയിട്ടിരിക്കുന്നവ വരെ സൂക്ഷിക്കുന്ന വിഭാഗങ്ങളുണ്ട്. ശീതയുദ്ധകാലത്തും വിയറ്റ്‌നാം യുദ്ധകാലത്തും അമേരിക്കയുടെ മുന്‍നിര പോരാളികളായിരുന്നവയാണ് ഇതില്‍ പലതും. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നു.
യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ അഴിച്ച് മാറ്റി ഭൂമിയില്‍ വെച്ചിരിക്കുന്ന നിലയിലാണുള്ളത്. സോവിയറ്റ് സാറ്റലൈറ്റുകള്‍ക്ക് ഈ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയല്ലെന്ന സൂചന നല്‍കുന്നതിന് വേണ്ടിയാണിത്. ഏകദേശം 2,600 ഏക്കറാണ് (10.5 ചതുരശ്ര കിലോമീറ്റര്‍) ഈ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ വലിപ്പം.
രണ്ടാം ലോകമഹായുദ്ധാനന്തരം 1946-ലാണ് ഡേവിസ് മോന്റന്‍ വ്യോമതാവളത്തില്‍ പഴക്കം വന്ന വിമാനങ്ങള്‍ എത്തിച്ചു തുടങ്ങിയത്. പ്രദേശത്തെ താഴ്ന്ന ഈര്‍പ്പവും, സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥാനവും ഉപ്പുരസമുള്ള മണ്ണുമൊക്കെയാണ് ഇവിടെ വിമാനങ്ങളുടെ അന്തിമ വിശ്രമകേന്ദ്രമായി തെരഞ്ഞെടുത്തതിന് പിന്നില്‍.
https://www.facebook.com/Malayalivartha