കൊച്ചിയിലെ നാലുവയസുകാരി സ്ലീപ്പിങ് ബ്യൂട്ടി ആയതിന്റെ വേദനയില്‍ കുടുംബം
അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ഉറങ്ങുകയായിരുന്നു കൊച്ചിയിലെ നാലുവയസുകാരി ലിയ. നൂറു വര്‍ഷത്തേക്ക് ഉറക്കത്തിലാവുന്ന സുന്ദരിയായ രാജകുമാരിയുടെ കഥ എല്ലാവരും വായിച്ചിരിക്കും. കഥയില്‍ മാത്രമല്ല ജീവിതത്തിലും സമാനമായ അവസ്ഥകള്‍ സംഭവിക്കാം. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലിയ എന്ന നാലുവയസുകാരിയില്‍ അപൂര്‍വ ഉറക്കെവെകല്യമായ ''ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം'' അഥവാ സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥിരീകരിച്ചു.
സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. പത്തുലക്ഷത്തില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണ് ഈ രോഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകള്‍ ലിയയ്ക്കാണ് സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥിരീകരിച്ചത്. ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷമായിരുന്നു ലിയയുടെ ജനനം. സംസാരിച്ചുതുടങ്ങിയതു മൂന്നാം വയസിലാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആണ് ആദ്യമായി പെട്ടെന്ന് അബോധാവസ്ഥയിലായത്.
ചുഴലിരോഗമാണെന്ന് കരുതി ഡോക്ടര്‍മാര്‍ കോച്ചിവലിവിനുള്ള മരുന്ന് നല്‍കി. ഇതിനുശേഷം നാലു മാസത്തിനുള്ളില്‍ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പതിനാറിനാണ് ആദ്യമായി ലിയയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു.
തുടര്‍ച്ചയായ ഇ.സി.ജി. പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേക്ക് ലിയ യാതൊരു പ്രതികരണവുമില്ലാതെ ഉറക്കത്തിലായിരുന്നു. പരിശോധനകളില്‍ ദീര്‍ഘനേരത്തേക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്‌നോഗ്രഫി, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവ പരിശോധിച്ചു.
ഇതിലൂടെ ദീര്‍ഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളുമല്ലെന്ന് വ്യക്തമായി. മനഃശാസ്ത്ര പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്.
ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ മണിക്കൂറുകള്‍ തൊട്ട് ദിവസങ്ങള്‍വരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തില്‍ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനുശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും.
കുടുംബചരിത്രം പരിശോധിച്ചതില്‍നിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ദീര്‍ഘനാള്‍ ബോധക്ഷയം സംഭവിച്ചിരുന്നെന്നും കണ്ടെത്തി. ലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനുശേഷം മരുന്നുകള്‍ നല്‍കി. മരുന്നുകളോടു നല്ല പ്രതികരണം കാണിച്ച ലിയ ഉണര്‍ന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യതയെപ്പറ്റിയും മരുന്നു നല്‍കുന്നതിനെക്കുറിച്ചും മാതാപിതാക്കള്‍ക്കു കൗണ്‍സലിങ് നല്‍കി. ലിയ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയും ഇളയ സഹോദരിയുമൊത്ത് കളിക്കുകയും ചെയ്യുന്നുണ്ടെന്ന് പിതാവ് ബെന്നി പറഞ്ഞു.
https://www.facebook.com/Malayalivartha