915 നാണയങ്ങള്‍ വിഴുങ്ങിയ പിഗ്ഗിയെ ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല
915 നാണയങ്ങള്‍ വിഴുങ്ങി അവശനിലയിലായ പിഗ്ഗി എന്ന ആമ ഒടുവില്‍ മരണത്തിന് കീഴടങ്ങി. തായ്‌ലന്‍ഡില്‍ 'പിഗ്ഗി ബാങ്ക്' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ആമയാണ് ഇത്രയധികം നാണയങ്ങള്‍ വിഴുങ്ങിയത്. ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുത്തെങ്കിലും പിഗ്ഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പിഗ്ഗി മരിച്ചത്.
പിഗ്ഗിയുടെ വാസസ്ഥലമായിരുന്ന കുളത്തിലേക്ക് നാണയമെറിയുന്നത് ഭാഗ്യമാണെന്ന് കരുതുന്ന പ്രദേശവാസികള്‍ അപ്രകാരം എറിഞ്ഞ 915 നാണയങ്ങളാണ് പിഗ്ഗി അകത്താക്കിയത്.
നാണയങ്ങള്‍ വിഴുങ്ങി അവശ നിലയിലായ പിഗ്ഗിയെ ബാങ്കോക്കിലെ ചുലാലങ്കോണ്‍ സര്‍വ്വകലാശാലയിലെ മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 11 പൗണ്ടോളം ഭാരമുളള നാണയങ്ങളാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം സുഖംപ്രാപിച്ചു വരുന്നതിനിടെ അണുബാധയുണ്ടായതാണ് മരണത്തിനു കാരണമായത്.
പിഗ്ഗിയുടെ മരണം തങ്ങളെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മൃഗഡോക്ടര്‍ നാന്‍തരിക ചാന്‍സു ഫേസ്ബുക്കില്‍ കുറിച്ചു. 'ശസ്ത്രക്രിയയ്ക്കു ശേഷം അവള്‍ സാധാരണ നിലയിലേക്കു വന്നുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ചതിനു ശേഷം റോയല്‍ തായ് നേവിയുടെ കുളത്തിലേക്ക് അവളെ മാറ്റണം എന്നു കരുതിയിരിക്കുമ്പോഴായിരുന്നു പിഗ്ഗിയുടെ ആരോഗ്യ നില മോശമായത്.
ശ്വാസ തടസ്സവും വയറ്റില്‍ അണുബാധയും ഉണ്ടായ അവളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വീണ്ടും അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും കോമയിലായ പിഗ്ഗി, മരണത്തിലേക്കു പോയി. അവളെ രക്ഷിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും അവള്‍ തിരികെ വന്നില്ല. എന്തായാലും മരണത്തിനു മുമ്പു വരെ ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിയായിരിക്കാന്‍ പിഗ്ഗിക്കു കഴിഞ്ഞല്ലോ'.
പ്രിയ ചങ്ങാതിയോടൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളുടെ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാനും ചാന്‍സു മറന്നില്ല. ആയിരക്കണക്കിനു പേരാണ് ഈ ഫോട്ടോകളും വീഡിയോയും ഷെയര്‍ ചെയ്തത്.
https://www.facebook.com/Malayalivartha