സ്വന്തം വീട്ടിലേക്ക് പോകാനുള്ള വഴിതെറ്റി!
അബദ്ധങ്ങള്‍ സര്‍വ്വ സാധാരണമാണ്. ഒരു കേസിന്റെ സകല നൂലാമാലകളും നീക്കി സമസ്ത നിഗൂഢതകളും പുറത്തുകൊണ്ടുവരാന്‍ കഴിവുള്ള പോലീസുകാരനു പോലും ഒരബദ്ധമൊക്ക പറ്റും എന്ന് നാട്ടുചൊല്ലില്‍ തന്നെ പറയുന്നില്ലേ? അപ്പോള്‍ പിന്നെ സാധാരണക്കാരായ നമ്മുടെയൊക്കെ കാര്യം പറയണോ? ചൈനയിലെ ഒരു യുവാവിനു പറ്റിയ ഒരു അബദ്ധം കേള്‍ക്കണോ?
പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം ചൈനയിലെ ഒരു അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് 'ഹെയിലോങ്ജിജാങ്' പ്രവിശ്യയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത് സൈക്കിളിലാണ്. ഏകദേശം 1056 മൈലുകളാണ് യുവാവിന് സൈക്കിള്‍ ചവിട്ടി പോകേണ്ടി ഇരുന്നത്.
കൊടും തണുപ്പിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നതിനിടയില്‍ ആശാന് ഏത് വഴിയാണ് പോകുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചില്ല. ഒരു നാഷണല്‍ ഹൈവേയിലൂടെ മണിക്കൂറുകളോളം സൈക്കിള്‍ ചവിട്ടി നീങ്ങി. പെട്ടെന്നാണ് സൈക്കിള്‍ സഞ്ചാരിയുടെ ഈ യാത്ര ചൈനീസ് ട്രാഫിക് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വലിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള ഹൈവേയിലൂടെ ഒരാള്‍ സൈക്കിള്‍ ചവിട്ടി മുന്നോട്ട് പോകുന്നു. കണ്ടമാത്രയില്‍ തന്നെ പോലീസുകാര്‍ വിവരം ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ വീട്ടിലേക്കുള്ള വഴിയാണെന്നു കരുതി ഇത്രയും ദൂരം തെറ്റായ ദിശയിലാണ് താന്‍ സൈക്കിള്‍ ചവിട്ടിയതെന്നും 300 മൈലുകള്‍ താണ്ടിയെന്നും ഇപ്പോള്‍ മധ്യചൈനയിലെ മറ്റൊരു സംസ്ഥാനമായ അന്‍ഹുയി പ്രവിശ്യയിലാണ് താന്‍ എത്തിനില്‍ക്കുന്നതെന്നും യുവാവ് അറിഞ്ഞത്.
എന്ത് ചെയ്യാന്‍, വഴിയില്‍ താന്‍ ഒരു തരത്തിലുള്ള സിഗ്‌നല്‍ ബോര്‍ഡുകളും കാണാന്‍ ഇടയായില്ലെന്നും ട്രെയിന്‍ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് സൈക്കിള്‍ സാഹസിക യാത്രയ്ക്ക് മുന്നിട്ടിറങ്ങിയതെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞ റോഡ് സേഫ്റ്റി അധികൃതര്‍ യുവാവിന് തിരിച്ച് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള ടിക്കറ്റ് എടുത്ത് നല്‍കി. എന്തായാലും സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ എതിര്‍ ദിശയിലേക്ക് ഇത്രയും അധികം ദൂരം സൈക്കിള്‍ ചവിട്ടി പോയത് ഒരു പക്ഷേ ഈ ഒരേഒരാള്‍ മാത്രമായിരിക്കും.
https://www.facebook.com/Malayalivartha