ഈ കമ്പനിയില്‍ ജോലി സമയത്ത് ബിയര്‍ കുടിക്കാം, സിനിമ കാണാം, ജിമ്മില്‍ പോകാം!
എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ബോസിനു കീഴില്‍ ഉഴപ്പന്മാരായി ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്കാകുമോ?
അതു തന്നെയാണ് ബ്രിട്ടനിലെ മണി ഡോട്ട് കോ ഡോട്ട് യുകെ എന്ന സ്ഥാപനത്തിന്റെ വിജയരഹസ്യവും.ആ കമ്പനിയില്‍ ജോലി ചെയ്യാന്‍ ആരും ആഗ്രഹിക്കും, എന്താണെന്നല്ലേ ? ഈ കമ്പനിയുടെ ബോസ് ആയ ക്രിസ് മോര്‍ലിങ് തന്റെ ജീവനക്കാരെ ഒരിക്കലും വഴക്ക് പറയില്ല.
ഗൂഗിളടക്കം ടെക് രംഗത്തെ വമ്പന്മാരെല്ലാം ജീവനക്കാര്‍ക്ക് വലിയ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ക്രിസ് നല്‍കുന്നത്ര സൗഹൃദാന്തരീക്ഷം മറ്റെവിടെയും കിട്ടില്ലെന്ന് അവിടുള്ളവര്‍ പറയുന്നു. ക്രിസിനോട് ജീവനക്കാര്‍ക്ക് അതിരറ്റ വിശ്വസ്തതയാണ്. എല്ലാവര്‍ഷവും വിദേശത്ത് വിനോദസഞ്ചാരത്തിന് പോകാന്‍ ആവശ്യമായത്ര അവധി. ജോലിക്കിടെ ബിയര്‍ കുടിക്കുന്നതിനോ സിനിമ കാണുന്നതിനോ ജിമ്മില്‍ പോകുന്നതിനോ യാതൊരു വിലക്കുമില്ല. ശമ്പളത്തിന്റെ 40 % ബോണസ്. പിന്നെ ജീവനക്കാര്‍ക്ക് എന്തുവേണം.
എല്ലാ സെപ്റ്റംബറിലും തന്റെ 50 ജീവനക്കാരുമായി ക്രിസ് മോര്‍ലിങ് വിനോദസഞ്ചാരത്തിനു പോകും. ഈ യാത്രയുടെ പൂര്‍ണമായ ചെലവ് വഹിക്കുന്നത് മോര്‍ലിങ്ങാണ്. ന്യുയോര്‍ക്കിലും കോപ്പന്‍ഹേഗനിലും ഫ്‌ളോറിഡയിലും ഏറ്റവും മുന്തിയ താമസവും സൗകര്യങ്ങളുമാണ് ഏര്‍പ്പെടുത്തുക.
1867-ല്‍ പണിത ഒരു കൊട്ടാരത്തിലാണ് മോര്‍ലിങ്ങിന്റെ ഗ്ലൂസ്റ്ററിലെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. 13 വര്‍ഷത്തെ പാട്ടത്തിനെടുത്താണ് ഇവിടെ മോര്‍ലിങ് പ്രവര്‍ത്തിക്കുന്നത്. ഭാര്യ ഗായേലാണ് ക്രിസ് മോര്‍ലിങ്ങിനെ ഈ ബിസിനസിലേക്ക് തിരിച്ചുവിട്ടത്. മൂന്നുവര്‍ഷം കൊണ്ട് പത്തുലക്ഷം പൗണ്ടോളം ലാഭമുണ്ടാക്കിയ കമ്പനി ഇപ്പോള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ജീവനക്കാര്‍ക്ക് താന്‍ അനുഭവിക്കുന്ന അതേ സൗകര്യങ്ങള്‍ വേണമെന്ന് മോര്‍ലിങ് ആഗ്രഹിക്കുന്നു. ജോലി നേരത്തെ തീരുന്ന ദിവസം ഓഫീസില്‍ത്തന്നെ എല്ലാവര്‍ക്കും വിരുന്നൊരുക്കി മണി ഡോട്ട് കോയില്‍ അവരൊന്നിച്ചൊരു കുടുംബമായി മാറുന്നു. ഇന്ന് 2.3 കോടി പൗണ്ടിലേറെ അറ്റാദായമുള്ള കമ്പനിയുടെ വാര്‍ഷിക ലാഭ 80 ലക്ഷം പൗണ്ടോളമാണ്.
https://www.facebook.com/Malayalivartha