നാസയ്ക്കും തെറ്റി...നാസയുടെ തെറ്റുകണ്ടെത്തി തിരുത്തിയത് പതിനേഴുകാരന്‍!
നാസയുടെ തെറ്റ് കണ്ടെത്തി തിരുത്തിയിരിക്കുകയാണ് ബ്രിട്ടീഷുകാരനായ പതിനേഴുകാരന്‍ മൈല്‍സ് സോളമനെന്ന വിദ്യാര്‍ഥി. ലോകത്തെ ഒന്നാം നിര ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട വിവരങ്ങളിലെ തെറ്റ് കണ്ടെത്തി അത് ചൂണ്ടിക്കാണിച്ച് ഇമെയില്‍ സന്ദേശം അയച്ച സോളമന്‍ നാസയെ തിരുത്തുക കൂടി ചെയ്തു.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റേഡിയേഷന്‍ സംബന്ധിച്ച വിവരത്തിലാണ് സോളമന്‍ തെറ്റ് കണ്ടെത്തിയത്. നാസയുടെ യഥാര്‍ഥവിവരങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനത്തിന് ഐറിസ് പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിച്ച നാസ വിവരങ്ങളിലെ തെറ്റാണ് ഈ വിദ്യാര്‍ഥി കണ്ടെത്തിയത്. സോളമന്‍ പഠിക്കുന്ന ഷെഫീല്‍ഡിലെ ടാപ്ടണ്‍ സെക്കണ്ടറി സ്‌കൂള്‍ ഐറിസ് പദ്ധതിയുടെ ഭാഗമാണ്.
ബ്രിട്ടീഷ് ബഹിരാകാശ സഞ്ചാരിയായ ടിം പീക്ക്‌സ് 2015ല്‍ ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ആറ് മാസത്തെ റെഡിയേഷന്‍ വിവരങ്ങളാണ് ഐറിസ് പദ്ധതി വഴി ബ്രിട്ടീഷ് സ്‌കൂളിന് ലഭിച്ചത്. നാസയിലെ വിദഗ്ധര്‍ ശ്രദ്ധിക്കാതെ പോയ പിഴവാണ് ഈ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ സോളമന്‍ കണ്ടെത്തിയത്. റേഡിയേഷന്‍ ഇല്ലാത്ത സമയങ്ങളില്‍ നെഗറ്റീവ് റേഡിയേഷന്‍ രേഖപ്പെടുത്തിയിരുന്നു. ഈ പിഴവാണ് സോളമന്‍ ടീച്ചര്‍ക്ക് ചൂണ്ടിക്കാണിച്ചത്. ഫിസിക്‌സും കണക്കും കെമിസ്ട്രിയും പ്രധാന വിഷയങ്ങളായി പഠിക്കുന്ന സോളമന്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ പിഴവാണ് കണ്ടെത്തിയത്. എല്ലാവരും ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് സോളമന്‍ നെഗറ്റീവ് റേഡിയേഷന്റെ കാര്യം ചൂണ്ടിക്കാണിച്ചത്. പിഴവ് ശരിയാണെന്ന് തോന്നിയതോടെ നാസയുമായി ഈമെയിലിലൂടെ ബന്ധപ്പെടുകയായിരുന്നുവെന്ന് സോളമന്റെ ഫിസിക്‌സ് വകുപ്പ് മേധാവി ജെയിംസ് ഒനെയില്‍ പറയുന്നു.
നാസയില്‍ നിന്നും പിഴവ് സ്ഥിരീകരിച്ച് മറുപടി കൂടി വന്നതിന്റെ സന്തോഷം സോളമന്‍ മറച്ചുവെക്കുന്നില്ല. റേഡിയേഷന്‍ ഇല്ലാത്ത അവസ്ഥ വര്‍ഷത്തിലൊരിക്കലോ മറ്റോ ആയിരിക്കുമെന്ന കണക്കുകൂട്ടലില്‍ പൂജ്യത്തിന് പകരം ഹൈഫണ്‍ ചിഹ്നം ഉപയോഗിച്ചതാണ് പിഴവിന് കാരണമായത്. എന്നാല്‍ വര്‍ഷത്തിലൊരിക്കലല്ല ദിവസത്തില്‍ പല തവണ ഇത്തരത്തില്‍ 1 റേഡിയേഷന്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും സോളമന്‍ ചൂണ്ടിക്കാണിച്ചു.
ഒരിക്കലും നാസ തെറ്റാണെന്ന് തെളിയിക്കാനല്ല താന്‍ ആഗ്രഹിച്ചതെന്നും നാസക്കൊപ്പം അവരുടെ സഹായത്തില്‍ കൂടുതല്‍ പഠിക്കാനാണ് ആഗ്രഹമെന്നുമാണ് സോളമന്‍ പ്രതികരിച്ചത്. യഥാര്‍ഥ ശാസ്ത്രവിവരങ്ങള്‍ ക്ലാസ് റൂമുകളിലെത്തിക്കുമ്പോള്‍ സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണിതെന്നാണ് ഐറിസ് ഡയറക്ടര്‍ പ്രൊഫ. ബെക്കി പാര്‍ക്കര്‍ പ്രതികരിച്ചത്. ഇത്തരം പഠനങ്ങള്‍ ശാസ്ത്രവിഷയങ്ങളോട് കുട്ടികള്‍ക്കുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിന് കാരണമാകും.
https://www.facebook.com/Malayalivartha