തെരുവു സര്‍ക്കസ് സംഘത്തില്‍ നിന്നെത്തി ഫുട്‌ബോള്‍ ടീം നായികയായ ഗായത്രിക്കു മാംഗല്യം
ഇന്നലെ 11ചൂലാംവയല്‍ മാക്കൂട്ടം എഎംയുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കുന്നമംഗലം മുറിയനാല്‍ കരുവാരപ്പറ്റ ഷിബു ഗായത്രിയുടെ കഴുത്തില്‍ മിന്നുകെട്ടി ജീവിത സഖിയാക്കിയപ്പോള്‍ സിന്‍ഡ്രലയുടേതു പോലുള്ള മറ്റൊരു അത്ഭുതകഥയ്ക്ക് മനോഹരമായ ഒരു വഴിത്തിരിവാകുകയായിരുന്നു. തെരുവു സര്‍ക്കസ് സംഘത്തിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടി എറണാകുളം ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വരെയായ ഗായത്രിയാണ് സുമംഗലിയായത്.
മൈസൂരുവില്‍ ജനിച്ച ഗായത്രി തെരുവ് സര്‍ക്കസ് കലാകാരന്റെ കൂടെയായിരുന്നു കഴിഞ്ഞത്. രക്ഷിതാക്കളോടൊപ്പം ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ സര്‍ക്കസ് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് ആലുവയില്‍ എത്തി ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ ജനസേവ ശിശുഭവനില്‍ അഭയം തേടുകയായിരുന്നു. ഗായത്രി ജനസേവ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് കായിക രംഗത്ത് തിളങ്ങിയത്.
ഫുട്‌ബോളിലും ജൂഡോ, ബാസ്‌കറ്റ്‌ബോള്‍ എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. കരുമാലൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂളില്‍ െ്രെപമറി വിദ്യാഭ്യാസവും കറുകുറ്റി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും നേടി. സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് 2014-ല്‍വിജയിച്ച സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ നായികയായ ഗായത്രി അതേ വര്‍ഷം തൊടുപുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളം ജില്ലാ ടീം നായികയായി തെരഞ്ഞെടുക്കപ്പെട്ടു.
2016-ല്‍ എസ്എസ്എല്‍സി പാസായി തൊഴിലധിഷ്ഠിത കോഴ്‌സിന് ചേരാനിരിക്കുന്നതിനിടയിലാണ് വിവാഹം. മുറിയനാലില്‍ കരുവാരപ്പറ്റ വീട്ടില്‍ കുമാരന്‍ നായരുടെയും സുമതിയുടെയും മൂത്ത മകന്‍ ടൈല്‍സ് ജോലിക്കാരനായ ഷിബു നിര്‍ധന പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കാനുള്ള അന്വേഷണത്തിനിടെയാണ് ഗായത്രിയെ കണ്ടു മുട്ടിയത്. 2016 നവംബര്‍ 21ന് ശിശുഭവനിലായിരുന്നു വിവാഹ നിശ്ചയം. ജനസേവ ശിശുഭവനില്‍ നിന്ന് കുടുംബ ജീവതത്തിലേക്ക് പ്രവേശിക്കുന്ന ആറാമത്തെ പെണ്‍കുട്ടിയാണ് ഗായത്രി.
https://www.facebook.com/Malayalivartha