മുത്തശ്ശന്മാരുടേയും മുത്തശ്ശിമാരുടേയും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ ആകാശയാത്രയുടെ കൗതുകങ്ങള്‍ കൂടി
അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുള്‍പ്പെടെയുള്ള യാത്രക്കാരുമായി നെടുമ്പാശേരിയില്‍ നിന്നു വിമാനം പറന്നുയരുമ്പോള്‍ അദ്ഭുതവും ആശങ്കകളും നിറഞ്ഞ കണ്ണുകള്‍ മുറുക്കിയടച്ചിരിക്കുകയായിരുന്നു അവര്‍. പറന്നുയരലിന്റെ കുടുക്കത്തില്‍ അവരില്‍ ചിലര്‍ അടുത്തിരുന്ന കുരുന്നു കരങ്ങളില്‍ മുറുക്കെ പിടിച്ചു. തുള്ളിച്ചാടി വിമാനം റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്നപ്പോള്‍ അവര്‍ വിമാനത്തിന്റെ കണ്ണാടിച്ചില്ലിലൂടെ താഴേക്കു നോക്കി.
ഒരു ജന്മം മുഴുവന്‍ അവര്‍ ആശിച്ചിരുന്ന ആ സ്വപ്നക്കാഴ്ച യഥാര്‍ഥമായി . ആദ്യവിമാനയാത്ര നടത്തുന്ന കുഞ്ഞുങ്ങളുടെ കണ്ണിലുള്ള തിളക്കത്തേക്കാള്‍ നിറഞ്ഞ കാഴ്ചയായിരുന്നു ആ സ്വപ്നം സഫലമായ മുതിര്‍ന്നവരുടെ കണ്ണുകളില്‍ എന്ന് ഷീല അശോകന്‍ പറഞ്ഞു.അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണു ഷീല. ഇവിടുത്തെ അംഗങ്ങളായ മുത്തശ്ശന്‍മാരുടെയും മുത്തശ്ശിമാരുടെയും ആഗ്രഹം പൂര്‍ത്തിയാക്കാനാണു നെടുമ്പാശേരിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വിമാനയാത്ര നടത്തിയത്.
വനിതകള്‍ മാത്രം ഭാരവാഹികളായ അരൂര്‍ ഹൈലൈറ്റ് റസിഡന്റ്‌സ് അസോസിയേഷനാണ് ആകാശ യാത്രയൊരുക്കിയത്. 57 പേര്‍ യാത്രയില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെയാണു യാത്രാ സംഘം ബസില്‍ അരൂരില്‍ നിന്നും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. തുടര്‍ന്നു വിമാനത്താവളത്തിലെ പരിശോധനകള്‍ക്കു ശേഷം അവര്‍ തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറി. പതിനൊന്നു മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താളത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നിന്നും അനന്തപുരിയിലെ കാഴ്ചകള്‍ കണ്ടശേഷം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നാട്ടിലേക്കു യാത്ര തിരിച്ചു.
https://www.facebook.com/Malayalivartha