ആനിമേഷന്‍ കഥാപാത്രമായി കുഞ്ഞുണ്ണി മാഷ് എത്തുന്നു
എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കുകുറവാണെന്നെത്താങ്ങാതിരിക്കുവിന്‍
കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യന്റെ വരികളാണിത്. കുട്ടികള്‍ക്കായി പാടിയും മൊഴിമുത്തുകള്‍ ചൊല്ലിയും നമുക്കിടയില്‍ ജീവിച്ച, ആ ചെറിയ വലിയ മനുഷ്യന്‍ സ്വന്തം വീടെവിടെയാണെന്ന് ചോദിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു.
തൃശൂരില് നിന്ന് പതിനാല് നാഴിക പടിഞ്ഞാറ്, കൊടുങ്ങല്ലൂരില് നിന്ന് പതിനാല് നാഴിക വടക്ക്, ഗുരുവായൂരില് നിന്ന് പതിനാല് നാഴിക തെക്ക്. അതാരാണെന്ന് മനസ്സിലായിക്കാണുമല്ലോ? കുഞ്ഞുണ്ണി മാഷ് അല്ലാതെ മറ്റാരുമല്ല. 2006 മാര്‍ച്ച് 26-നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ചെറുപ്പത്തില്‍കുഞ്ഞുണ്ണി മാഷ് ഏറ്റവും ഇഷ്ടപ്പെട്ടത് സീതച്ചേച്ചിയെ ആയിരുന്നു. ചേച്ചിയിലൂടെയാണ് കഥകളെയും കവിതകളെയും മാസ്റ്റര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ഒരു കൈയില്‍ ഒരു പാളയും ഇല്ലിക്കോലും പിടിച്ച് സ്വന്തം വീട്ടില്‍ ക്കയറിവരാറുള്ള ഒരു ഭ്രാന്തിത്തള്ളയെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ആദ്യമായി എഴുതിയ വരികള്‍. അവര്‍ക്ക് അമ്മ ദോശയോ ചോറോ നല്‍കുമായിരുന്നു. അവര്‍ കൈയില്‍ പിടിച്ച പാളയും ഇല്ലിക്കോലും എന്തിനായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മാസ്റ്ററുടെ ആദ്യ കവിത പിറക്കുന്നത്. അതിങ്ങനെ,
വീശാം ഇരിക്കാം
കുടയായ് പിടിക്കാം
ഇനി വേണ്ടിവന്നാല്‍
കാശിക്കുപോകാന്‍
ഒരു പാത്രമാക്കാം
അതിനുശേഷം കവിതകളുടെ പെരുമഴക്കാലം തന്നെ സൃഷ്ടിച്ചു മാസ്റ്റര്‍. കുട്ടികള്‍ക്കുവേണ്ടി മാസ്റ്റര്‍് എഴുതിയ കവിതകള്‍ അത്രമേല്‍ ആസ്വാദ്യകരമായിരുന്നു. പട്ടിയും പൂച്ചയും പപ്പടവും മിഠായിയും കാക്കയും താക്കോലും അങ്ങനെ കണ്ണില്‍ കണ്ടതിനെക്കുറിച്ചെല്ലാം മനോഹരമായി കവിത എഴുതി.
വീട്ടിലെ പട്ടിക്കു ചട്ടിയില് ചോറു
റോട്ടിലെ പട്ടിക്ക് തൊട്ടിയില് ചോറ്
നാട്ടിലെ പട്ടിക്ക് നാടെല്ലാമേറ്
ഇത്തരം കവിതകള്‍ ആദ്യമായി ആനിമേഷന്‍ രൂപത്തില്‍ ചിത്രമാവുകയാണ്. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുന്ന തരത്തില്‍ രസകരമായി ആനിമേഷന്‍ നടത്തിയിരിക്കുന്നത് ബിജു ബാവോഡ് ആണ്.
കുഞ്ഞുണ്ണി മാഷ് ആനിമേഷന്‍ കഥാപാത്രമായി കുട്ടികള്‍ക്ക് നേരിട്ട് കഥകളും നാട്ടറിവുകളും കവിതകളും ചൊല്ലി കൊടുക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കഥകള്‍, ചക്കര മാമ്പഴം, ചക്കരപ്പാവ, മഴവില്ല്, മണ്ണപ്പം എന്നിങ്ങനെ ഒരു പരമ്പര രൂപത്തിലാണ് സി.ഡി റിലീസ് ചെയ്യുന്നത്. പൂര്ണമായും 2 ഡി ആനിമേഷന്‍ രൂപത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ബിജു തന്റെ ശ്രമത്തെക്കുറിച്ച് വിശദീകരിക്കുന്നു
കുഞ്ഞുണ്ണി മാസ്റ്ററുടെ സഹോദരി രാധ ടീച്ചറുടെ ആശീര്‍വാദത്തോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കൂടാതെ മാസ്റ്ററുടെ മരുമകന്‍ കേശവദേവും മരുമകളും കവയിത്രിയുമായ ഉഷയുമാണ് ബിജുവിന് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിയത്.
കോഴിക്കാട് ആസ്ഥാനമായ ബിറ്റ്വീന്‍ അനിമേഷന്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സംവിധാനവും തിരക്കഥയും ബിജു തന്നെയാണ്. അസോസിയേറ്റ് ഡയറക്റ്ററായി അനൂപ് നങ്ങാളിയും മാസ്റ്റര്‍്ക്ക് ശബ്ദം നല്‍കാന്‍ അഡ്വ. മോഹനനുമാണ് ബിജുവിനൊപ്പം നിന്നത്.
(
മലയാള സാഹിത്യത്തില്‍ കുട്ടികളോട് ഏറ്റവും അടുപ്പമുള്ള കൃതികള്‍ രചിച്ചത് കുഞ്ഞുണ്ണി മാസ്‌റററാണ്. ഇങ്ങനെയൊരു ചിത്രം ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഈ ആനിമേഷന്‍ ചെയ്യാനായി രണ്ടു വര്‍ഷത്തോളം ശ്രമം നടത്തി. ബഷീര്‍ക്കഥകള്‍ ആയിരുന്നു എന്റെ ആദ്യത്തെ സംരംഭം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോത്സാഹനമുണ്ടാകുകയാണെങ്കില്‍ എല്ലാ സ്‌കൂള്‍ ലൈബ്രറിയിലേക്കും ഇത്തരം സി.ഡികള്‍ നല്‍കാനും കുട്ടികള്‍ക്ക് സാഹിത്യകൃതികളെ അടുത്തറിയാനും കഴിയും. നല്ല കൃതികള്‍ ഇനിയും ആനിമേഷന്‍ രൂപത്തില്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്; ബിജു തന്റെ ആഗ്രഹം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha