ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള മ്യൂസിയത്തില്‍ നിന്നും 100 കിലോയുടെ സ്വര്‍ണ്ണ നാണയം കടത്തി
ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള മ്യൂസിയത്തില്‍ നിന്ന് 30 കോടി രൂപ വില വരുന്ന സ്വര്‍ണ്ണ നാണയം മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് പുഷ്പം പോലെ. എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിക്കുന്ന 'ബിഗ് മേപ്പിള്‍ ലീഫ്' എന്ന നാണയമാണ് കയറുപയോഗിച്ച് ഉന്തുവണ്ടിയില്‍ കടത്തിയത്.ഹോളിവുഡ് സിനിമകളെയും, ചരിത്രത്തിലെ ഏറ്റവും വലിയ മോഷണങ്ങളെയും വെല്ലുന്ന അത്ഭുതകരമായ കൊള്ളയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം.
ലോകത്തിലെ ഏറ്റവും പ്രശസ്ത നാണയ നിര്‍മ്മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007-ലാണ് ബിഗ് മേപ്പിള്‍ നിര്‍മ്മിച്ചത്. 100 കിലോ ഭാരമുള്ള നാണയം പൂര്‍ണ്ണമായും സ്വര്‍ണ്ണമാണ്. 53 സെന്റിമീറ്റര്‍ വ്യാസവും 3 സെന്റിമീറ്റര്‍ കനവുമുള്ള നാണയത്തിന്റെ ഒരു വശത്ത് എലിസബത്ത് രാജ്ഞിയുടെ മുഖവും മറുവശത്ത് ഒരു വലിയ മേപ്പിള്‍ ഇലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45 ലക്ഷം ഡോളര്‍ അതായത് 30 കോടി ഇന്ത്യന്‍ രൂപ വില വരും.
ബെര്‍ലിനിലെ മ്യൂസിയം ദ്വീപിലെ 'ബോഡ് മ്യൂസിയ'ത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിലാണ് നാണയം സൂക്ഷിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മ്യൂസിയമാണിത്. തിങ്കളാഴ്ച വെളുപ്പിനെ 3-നും 3.45-നും ഇടയില്‍ രണ്ടു പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനലിലൂടെ പ്രവേശിച്ച മോഷ്ടാക്കള്‍ സിസിടിവി, അപായ സൂചന അലാറം എന്നിവ തകര്‍ത്തിരുന്നു. വന്ന വഴിയിലൂടെ തന്നെ കയറുപയോഗിച്ച് നാണയം കടത്തി. പിന്നീട് ഉന്തു വണ്ടിയില്‍ സമീപമുള്ള നദി കടത്തി കാറില്‍ രക്ഷപ്പെടുകയായിരുന്നു.
നാലു മണിയോടെയാണ് മോഷണം അധികൃതര്‍ അറിഞ്ഞത്. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് നടന്ന മോഷണം പോലീസിനെയും രാജ്യത്തെ മുഴുവനേയും അമ്പരപ്പിച്ചിരിക്കുകയാണ്. മോഷ്ടാക്കളെ പിടികൂടാനായാലും നാണയം ഇനി തിരിച്ചു കിട്ടാന്‍ വഴിയില്ലെന്നും, അത് ഉരുക്കി മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റിയിരിക്കാമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha