ലോറിയില്‍ നിന്നും കുരങ്ങന്‍മാര്‍ അടിച്ച് മാറ്റിയത് രണ്ടേകാല്‍ ലക്ഷം... പുറകേപോയ കച്ചവടക്കാര്‍ക്ക് പണി കിട്ടി
ഇടുക്കി കുട്ടിക്കാനം വളഞ്ഞങ്ങാനത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്നു രണ്ടേകാല്‍ ലക്ഷം രൂപ സൂക്ഷിച്ച ബാഗ് കുരങ്ങന്മാര്‍ സംഘടിതമായി എടുത്തുകൊണ്ടോടി. കോട്ടയത്തെത്തി വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരുടെ പണമാണു കുരങ്ങന്‍മാര്‍ സ്വന്തമാക്കി കാട്ടിലൊളിച്ചത്. പണസഞ്ചിയുമായി സ്ഥലം വിട്ട കുരങ്ങനു പിന്നാലെ കച്ചവടക്കാര്‍ ഓടിയെങ്കിലും അവര്‍ക്ക് പണികിട്ടി. കുരങ്ങന്‍മാര്‍ ആക്രമിക്കാനായി ചീറിയടുത്തു. അതിനുശേഷം മരം കയറിക്കയറി സ്ഥലം കാലിയാക്കി.
വ്യാഴാഴ്ച മടക്കയാത്രയില്‍ വളഞ്ഞങ്ങാനത്ത് ലോറി നിര്‍ത്തി ചായകുടിക്കാന്‍ കയറിയതാണ് 20 അംഗ കച്ചവടക്കാര്‍. ചായകുടിച്ചിറങ്ങുന്‌പോഴാണു ലോറിയില്‍ ചെക്കിംഗിനു കയറിയ കുരങ്ങന്‍മാര്‍ ബാഗുമായി പായുന്നതു കാണാനിടയായത്. ബഹളം കൂട്ടി പിന്നാലെ പോയെങ്കിലും വാനരസംഘം ബാഗു കൈമാറി കാട്ടിലൊളിച്ചു. വളഞ്ഞങ്ങാനത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുക പതിവാണ്. ഇവരില്‍നിന്നു ഭക്ഷണത്തിന്റെ വിഹിതം കിട്ടുമെന്നതിനാല്‍ നൂറു കണക്കിനു കുരങ്ങന്‍മാര്‍ സമീപത്തെ മുറിഞ്ഞപുഴ വനത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. ഭക്ഷണം തട്ടിപ്പറിക്കുന്നതും വാഹനത്തില്‍ കയറി ഭക്ഷണസാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതുമൊക്കെ പതിവാണെങ്കിലും പണസഞ്ചി കവര്‍ന്നത് ആദ്യസംഭവമാണ്.
അതേസമയം, ഇതു സംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പീരുമേട് പോലീസ് പറഞ്ഞു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കാലത്ത് ഇതിനു സമീപത്തുനിന്നു രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കൊടികുത്തി കാളച്ചന്തയില്‍ മാടുകച്ചവടത്തിന്റെ മറവില്‍ ചില സംഘങ്ങള്‍ കള്ളനോട്ടുമായി എത്തിയിരുന്നതായും പോലീസിനു സൂചന ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha