മദ്യത്തിനായുള്ള ഭ്രാന്ത്. നാൽപതിനായിരം പേർ നാലു വരികളായി.കോഴിക്കോട് നഗരത്തെ ഞെട്ടിച്ച ബീവറേജ്‌സ് ക്യു.
കോഴിക്കോട് ∙ ഇതുപോലെ തിരക്കും ക്യുവും അപൂർവം . നാല് വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ. അതിനു മുന്നിൽ നാൽപതിനായിരം പേർ. അവർ നാലു വരികളായി കാത്തു നിന്നു. അതോടെ ഗതാഗതക്കുരുക്കും തിരക്കുമൊക്കെയായി ആകെ ജഗപൊക. സുപ്രിം കോടതി വിധിയെ തുടർന്നു ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഭൂരിഭാഗം ചില്ലറ വിൽപനകേന്ദ്രങ്ങൾക്കും താഴുവീണതിനു ശേഷമുള്ള ആദ്യവിൽപന ദിനത്തിൽ തിരക്കിന്റെ പൊടിപൂരമായിരുന്നു. ഞായറാഴ്ച കൂടിയായിരുന്നതിനാൽ തിരക്കു നിയന്ത്രിക്കാൻ പൊലീസിനു രംഗത്തിറങ്ങേണ്ടി വന്നു. നഗരത്തിൽ കരിക്കാംകുളത്തും അരയിടത്തുപാലത്തിനു സമീപവുമാണു വിദേശമദ്യ വിൽപന േകന്ദ്രങ്ങൾ പ്രവർത്തിച്ചത്.
നഗരത്തിനു പുറത്തു വടകരയിലും തിരുവമ്പാടിയിലും പ്രവർത്തിച്ചു. ജില്ലയിൽ ആകെ നാല് ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. രാവിലെ പത്തിനു മുൻപേ തന്നെ നഗരത്തിലെ രണ്ട് ഔട്ട്‌ലെറ്റുകൾക്കു മുന്നിലും നീണ്ട നിര രൂപപ്പെട്ടു തുടങ്ങിയിരുന്നു. കരിക്കാംകുളത്ത് പ്രീമിയം കൗണ്ടറിൽ സാധാരണ തിരക്കുണ്ടാകുമായിരുന്നില്ല. എന്നാൽ ഇന്നലെ വരി അരകിലോമീറ്ററോളം നീണ്ടു. ജില്ലയിൽ ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനുമായി ആകെ 14 മദ്യവിൽപന ശാലകളാണുണ്ടായിരുന്നത്.
മദ്യവിൽപന കേന്ദ്രങ്ങളിൽ വരിതെറ്റിച്ച് കയറാനുള്ള ശ്രമങ്ങൾ നേരിയ സംഘർഷങ്ങൾക്കും വഴിവച്ചു. ഉന്തിലും പിടിച്ചുതള്ളിലും വരെയെത്തി കാര്യങ്ങൾ. രാവിലെ തന്നെ വരി നിന്ന് ലഭിക്കാവുന്ന അളവിൽ മദ്യം വാങ്ങി ഉയർന്ന വിലയ്ക്കു വിൽക്കുന്ന സംഘങ്ങളും രൂപപ്പെട്ടു. ഒരു കുപ്പി മദ്യത്തിനു നൂറുരൂപയോളം അധികം ഈടാക്കിയാണ് മറിച്ചു വിൽപന. പലയിടങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ജില്ലയിലെ 34 ബിയർ –വൈൻ പാർലറുകളിൽ 28 എണ്ണവും പൂട്ടിയിരുന്നു. 190 കള്ളുഷാപ്പുകളിൽ 57 എണ്ണത്തിനും താഴുവീണിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടർ തുറക്കാനാണ് ബവ്റിജസ് അധികൃതരുടെ ശ്രമം.
https://www.facebook.com/Malayalivartha