മൂന്നു മണിക്കൂര്‍ ശ്രമിച്ച് കിണറ്റില്‍വീണ കാട്ടുപന്നിയെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കരയില്‍ എത്തിച്ചു
പൊന്തന്‍പുഴ പുള്ളോലിക്കല്‍ ഭാര്‍ഗവിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് കാട്ടുപന്നി വീണത്. വെള്ളം കോരാന്‍ രാവിലെ എത്തിയപ്പോഴാണ് ഭാര്‍ഗവി കാട്ടുപന്നിയെ കാണുന്നത്.
അവര്‍ നാട്ടുകാരെ വിവരം അറിയിച്ചു.തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. കാട്ടുപന്നി ആയതിനാല്‍ ആക്രമിക്കുമെന്ന് ഉറപ്പായതിനാല്‍ ആരും കിണറ്റില്‍ ഇറങ്ങാന്‍ ധൈര്യപ്പെട്ടില്ല. ഇതെത്തുടര്‍ന്ന് പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.വി.രതീഷ് ഏണി ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി. തുടര്‍ന്നു കയര്‍ ഉപയോഗിച്ച് പന്നിയെ കുടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെപ്രാളം കാട്ടിയ പന്നി പിടികൊടുക്കാതെ രതീഷിനെ വട്ടം കറക്കി.
പിന്നീടു കൈകാലുകള്‍ക്കിടയിലൂടെ കുരുക്കിട്ട് പന്നിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കുരുക്ക് അഴിഞ്ഞതോടെ പന്നി വീണ്ടും വെള്ളത്തിലായി. എന്നാല്‍ രതീഷ് ശ്രമം ഉപേക്ഷിച്ചില്ല. വീണ്ടും കുരുക്കിട്ടു. സംഭവം കണ്ടു നിന്ന നാട്ടുകാരെയും മറ്റു വനപാലകരെയും ഉപയോഗിച്ചു കരയില്‍ നിന്നു കയര്‍ ഉയര്‍ത്തിയതോടെ പന്നി മുകളിലെത്തി. എന്നാല്‍ പന്നി പരാക്രമം കാട്ടിയതോടെ വെറ്ററിനറി സര്‍ജനെ വിളിച്ചു വരുത്തി മയക്കു കുത്തിവയ്പ് നടത്തി. പിന്നീട് ശബരിമല ഇലവുങ്കല്‍ വനത്തില്‍ കൊണ്ടുപോയി വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha