കൂലിപ്പണി നിര്‍ത്തി; ഇപ്പോള്‍ മദ്യം വാങ്ങാനായുള്ള ക്യൂ നിന്നാല്‍ കൂടുതല്‍ കാശുണ്ടാക്കാം!
കഴിഞ്ഞ നാലഞ്ച്് ദിവസമായി രാജ്യത്ത് സവിശേഷമായ ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് 31-ന് രാജ്യത്തെ പരമോന്നത കോടതി മദ്യശാലാ വിഷയത്തില്‍ നിര്‍ണായകമായ ഒരു വിധി പ്രഖ്യാപിച്ചത് കേരളത്തിന് മാത്രമല്ല രാജ്യത്തിനാകമാനം ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. പിറ്റേന്ന് അതായത് ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളെല്ലാം തന്നെ പൂട്ടണമെന്നായിരുന്നു കോടതി വിധി. ബിയര്‍-വൈന്‍ പാര്‍ലറുകളെയും കള്ള് ഷാപ്പുകളെയും എല്ലാം ഈ വിധിയില്‍ ഉള്‍പ്പെടുത്തുന്നതായാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ക്ലബ്ബുകളിലെ ബാറുകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ധാരണകളില്ലാതെയെടുത്ത ഈ തീരുമാനം ജനങ്ങളെയും നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയെയും എങ്ങനെ ബാധിക്കുമെന്ന് സുപ്രിംകോടതി പരിശോധിച്ചിട്ടില്ലെന്ന് വ്യക്തം.
വിധി നടപ്പിലായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്തൊട്ടാകെ അടച്ചുപൂട്ടിയത് ഇരുപതിനായിരത്തിലേറെ ബാറുകളും മദ്യശാലകളുമാണ്. ഇതുവഴി വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിന്റെ വലിയൊരു പങ്കാണ് ഇല്ലാതാകുന്നത്. കൂടാതെ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടവും. എന്നാല്‍ വരും ദിനങ്ങള്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും്. അതില്‍ ഏറ്റവും പ്രധാനം ആരോഗ്യ പ്രശ്‌നം തന്നെയാണ്. യുവാക്കള്‍ ഉള്‍പ്പെടെ കേരളത്തിലെ വലിയൊരു സമൂഹം മദ്യത്തിന് അടിമകളാണ്. രാവിലെ മദ്യശാല തുറക്കുമ്പോള്‍ മുതല്‍ മദ്യപാനം ആരംഭിക്കുകയും മദ്യത്തിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുകയും ചെയ്യുന്നവരുടെ എണ്ണം വളരെയധികമാണ്. മദ്യത്തിന്റെ ലഹരിയില്ലാതെയുള്ള ജീവിതത്തിലേക്ക് അവര്‍ക്ക് മടങ്ങണമെങ്കില്‍ ദീര്‍ഘകാലത്തെ ചികിത്സ തന്നെ ആവശ്യമായി വരുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യ പ്രശ്‌നത്തോടൊപ്പം തന്നെ ഗൗരവകരമാണ് മാനസിക പ്രശ്‌നങ്ങളും. ആദ്യത്തെ ദിവസങ്ങളില്‍ കാര്യമായ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മദ്യം ലഭ്യമല്ലാതാകുന്നതോടെ മദ്യപാനിയുടെ മനസ് പ്രക്ഷുബ്ധമാകുകയും അക്രമാസക്തനാകുകയോ മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമെന്ന് മനോരോഗ വിദഗ്ധര്‍ പറയുന്നു. മദ്യത്തിന് പകരം ലഹരി തേടി ഇവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നതും ഗൗരവകരമായി എടുക്കേണ്ട കാര്യമാണ്. മദ്യവിപണിയെ തകര്‍ക്കുന്നത് മയക്കുമരുന്ന് മാഫിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുമുണ്ട്.
മദ്യശാലകളുടെ എണ്ണം കുറഞ്ഞതോടെ അതു വാങ്ങിച്ചെടുക്കല്‍ വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.മദ്യം കിട്ടാക്കനിയായതോടെ അതു സംഘടിപ്പിച്ചെടുക്കാന്‍ സാധാരണക്കാര്‍ പലവിധ പരിപാടികളാണ് നടത്തുന്നത്. ഒന്നിച്ച് പണിക്കുപോകുന്നവരില്‍ ഒരാള്‍ മൂന്നരയ്ക്ക് പണി നിര്‍ത്തും. വേഷം മാറി ഏറ്റവും 'അടുത്തുള്ള' ബിവറേജസ് ക്യൂവിലേക്ക്. നേരത്തെ എത്തി ക്യൂ നിന്നാലേ ബാക്കിയുള്ളവര്‍ ജോലി കഴിഞ്ഞെത്തുമ്പോഴേക്കും 'സാധനം' കിട്ടൂ. അതിനാണ് ഒരാളെ നേരത്തെ അയയ്ക്കുന്നത്. ഇയാളുടെ ബാക്കി ജോലികൂടി മറ്റുള്ളവര്‍ ചെയ്യും. രണ്ടുപേരുടെ പണിയാണെങ്കില്‍ മേസ്തിരിതന്നെ മെയ്ക്കാട് പണിയും ചെയ്യും. മാറിമാറി ഈ ഡ്യൂട്ടി ചെയ്യണം.
നഗരങ്ങളില്‍ വ്യത്യസ്ത ക്യൂകളില്‍ സുഹൃത്തുക്കള്‍ ഇടംപിടിക്കുന്നതാണ് മറ്റൊരു തന്ത്രം. എവിടെയൊക്കെ കടയുണ്ടോ അവിടെയെല്ലാം ക്യൂ നില്‍ക്കും. ആദ്യം കിട്ടുന്നയാള്‍ മറ്റുള്ളവരെ വിളിച്ചറിയിക്കുന്നതോടെ അവര്‍ ക്യൂവില്‍നിന്നിറങ്ങും. ക്യൂവിലുള്ള ഓരോരുത്തരുടെയും കൈയില്‍ കുറഞ്ഞത് നാലു പേരുടെയെങ്കിലും ഓര്‍ഡര്‍ ഉണ്ടാകും.
ഇൗ അവസരം ഉപയോഗിച്ച് ചിലര്‍ ജീവിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചുകഴിഞ്ഞു. രാവിലെ പോയി ക്യൂവില്‍ നില്‍ക്കും. ആരെങ്കിലും വന്ന് പണം തന്ന് ഒരെണ്ണം വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ പത്തുരൂപ വാങ്ങി തന്റെ സ്ഥാനം ഒഴിഞ്ഞുകൊടുക്കും. അദ്ദേഹം ക്യൂവിന്റെ ഒടുവില്‍പോയി വീണ്ടും നില്‍ക്കും. വൈകുന്നേരം വീട്ടില്‍ പോകാറാകുമ്പോഴേക്ക് 500-600 രൂപയുണ്ടാകും കൈവശം. അദ്ദേഹം കുടിക്കുന്നയാളല്ല.
നഗരങ്ങളില്‍ ക്യൂവിന് നീളം കൂടിയതാണ് പ്രധാന പ്രശ്‌നമായിരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിലേക്കും പാര്‍ക്കിങ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. മദ്യശാലയ്ക്കു സമീപമുള്ള മറ്റു കടകള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. അങ്ങോട്ടേക്കുള്ള വണ്ടികള്‍ക്ക് കടക്കാനാവുന്നില്ല. വലിയ ക്യൂവും ബഹളവുമായതോടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ സമീപത്തുള്ള കടകളിലേക്ക് പോകാന്‍ മടിക്കുന്നു.
തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള മദ്യശാലയ്ക്കു മുന്നില്‍ വടക്കാഞ്ചേരിക്കാരന്‍ നാരായണന്‍ ചേട്ടനെ കണ്ടു. നെന്മാറ വല്ലങ്ങിവേലയില്‍ 'ആഘോഷമായി' പങ്കെടുക്കണമെങ്കില്‍ തൃശ്ശൂരില്‍നിന്നു വാങ്ങിക്കൊണ്ടുപോകണം. വടക്കഞ്ചേരി, ആലത്തൂര്‍ ഭാഗത്തുള്ള മദ്യശാലകളെല്ലാം അടച്ചുപോയി. തിങ്കളാഴ്ച നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് ക്യൂ നില്‍ക്കുകയാണ് അദ്ദേഹം. ഇക്കണ്ടവാര്യര്‍ റോഡിലെ മദ്യശാലയിലെ വലിയ ക്യൂ കണ്ട് നടുങ്ങി ഇങ്ങോട്ട് എത്തിയതാണ്. പക്ഷേ, അവിടെ ഉച്ചയോടെ രണ്ടു കൗണ്ടര്‍ തുറന്നു. രാവിലെമുതലുള്ള തള്ള് കണക്കിലെടുത്തായിരുന്നു ഇത്. അവിടെയും പൊരിവെയില്‍ നിലാവുപോലെ കണക്കാക്കിയാണ് ആവശ്യക്കാരുടെ നില്‍പ്പ്. സഞ്ചരിക്കുന്ന മദ്യശാലകള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നാണ് എല്ലാവരുടെയും ആവശ്യം.
ഗ്രാമങ്ങളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ സാധനം കിട്ടൂ. കഷ്ടപ്പെട്ട് ക്യൂ നിന്ന് മുന്നിലെത്തുമ്പോള്‍ ഇഷ്ട ബ്രാന്‍ഡ് ഇല്ലെങ്കിലാണ് പാട്. പിന്നെ കൈയില്‍കിട്ടിയതു വാങ്ങും. സ്ഥിരമായി ക്വാര്‍ട്ടര്‍ വാങ്ങുന്ന ഒരാള്‍ പറഞ്ഞതിങ്ങനെ: ഇത്രയും ക്യൂനിന്ന് ക്വാര്‍ട്ടര്‍ വാങ്ങുന്നത് നഷ്ടമാണ്. അതിനാല്‍ കൂടുതല്‍ വാങ്ങും. കൂടുതല്‍ കൈയിലിരുന്നാല്‍ അതു കഴിച്ചുപോകും. അതാണ് കഷ്ടം.
ഒമ്പതിനായിരം കോടി രൂപ മദ്യവില്‍പ്പനയിലൂടെ മാത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് തയ്യാറാക്കിയതെന്നും കോടതി വിധി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും കേരള ധനകാര്യ മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. കേരളത്തിന്റെ പരമ്പരാഗത പാനീയമായ കള്ളിനെ മദ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തരുതെന്നത് അടക്കമുള്ള ഹര്‍ജികളാണ് കേരളത്തില്‍ നിന്നും സുപ്രിംകോടതിയിലെത്തിയത്. മദ്യപിക്കരുതെന്നോ മദ്യം വില്‍ക്കരുതെന്നോ അല്ല കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. മദ്യത്തിന്റെ വരുമാനം നിലനിര്‍ത്തി തന്നെ മദ്യശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് കോടതി ഉത്തരവിട്ടത്. പ്രധാന പാതകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ വ്യാപകമായ റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. കേരളത്തെ സംബന്ധിച്ച് മദ്യപാന സംസ്‌കാരത്തിലുണ്ടാകുന്ന മാറ്റത്തെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ട്.
ഇന്നിപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സമയം പുതുക്കി നിശ്ചയിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പതര മുതല്‍ രാത്രി ഒമ്പതര വരെയാണ് പുതുക്കിയ സമയം. പക്ഷെ അതുകൊണ്ട് മാത്രം മദ്യശാലകളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് പരിഹാരമാകുന്നില്ല. പുതിയ ഉത്തരവ് പ്രകാരം കേരളത്തില്‍ പൂട്ടിയത് 207 ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങളാണ്. 11 പഞ്ചനക്ഷത്ര ഹോട്ടലുകളും 18 ക്ലബ്ബുകളും 586 ബിയര്‍ വൈന്‍ പാര്‍ലറുകളും 2 ബിയര്‍ ഔട്ട്‌ലെറ്റുകളും 1132 കള്ളുഷാപ്പുകളും ഉള്‍പ്പെടെ 1956 മദ്യശാലകളാണ് പൂട്ടിപ്പോകുന്നത്. ഇവയിലൂടെ നേടിയിരുന്ന വരുമാനത്തിനും വിതരണം ചെയ്ത മദ്യത്തിനും പകരം വയ്ക്കാന്‍ അധികമായി അനുവദിക്കുന്ന ഒന്നര മണിക്കൂര്‍ മതിയാകില്ലെന്ന് ഉറപ്പ്. മദ്യശാലകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ മറ്റൊരു വഴിയും കാണുന്നില്ല എന്നുവന്നാല്‍ വരുമാനനഷ്ടം കുറയ്ക്കാന്‍ ഇവയുടെ പ്രവര്‍ത്തന സമയം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയെന്നതാകും സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി.
https://www.facebook.com/Malayalivartha