മിസ് ക്യാമല്‍-നെ കണ്ടെത്താനായി റിയാദില്‍ ഒട്ടകമേള
റിയാദിനടുത്ത് റുമാഹ് പ്രവിശ്യയാണ് 'മിസ് ക്യാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേളയ്ക്ക് ഒരുങ്ങി നില്‍ക്കുന്നത്. 1999-ലാണ് ഒട്ടകങ്ങള്‍ക്കായുള്ള ഈ സൗന്ദര്യമത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷവും ഇവിടെ നടത്തുന്ന ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആയിരക്കണക്കിനു സുന്ദരികളും സുന്ദരന്‍മാരുമായ ഒട്ടകങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുക. മിസ് ക്യാമല്‍ എന്നാണ് മത്സരത്തിന്റെ പേരെങ്കിലും മിസ്റ്റര്‍ ക്യാമലുകളും ഇതില്‍ പങ്കെടുക്കും.
'മിസ് ക്യാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേള, 1999-ല്‍ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളര്‍ന്ന ആഘോഷം ഇപ്പോള്‍ റിയാദിലെ ദാറത് കിങ് അബ്ദുല്‍ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. സൗദി അറേബ്യയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെങ്കിലും അവരുടെ ഒട്ടകങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ വളരുന്നവയായിരിക്കണമെന്ന നിബന്ധനയുണ്ട്.
ഇരുണ്ട നിറം, തവിട്ടു നിറം, കാപ്പിപ്പൊടി നിറം വെളുപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള ഒട്ടകങ്ങളാണ് മത്സരത്തിനായി എത്തുന്നത്. കാലിന്റേയും കഴുത്തിന്റേയും നീളം മുതല്‍ ചുണ്ടിന്റെ ആകൃതി, പല്ലിന്റെ സൗന്ദര്യം, കണ്ണിന്റെ വലിപ്പം, ചെവിയുടെ സ്ഥാനം എന്നിങ്ങനെ സൗന്ദര്യ നിര്‍ണ്ണയത്തിനായുള്ള അളവു കോലുകളുടെ പട്ടിക നീണ്ടതാണ്. സങ്കരവര്‍ഗ്ഗത്തില്‍ പെട്ട ഒട്ടകങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയില്ല.
മത്സരദിവസങ്ങളില്‍ ഒട്ടകത്തിന്റെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കും. ഇതും വിജയിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കും. വെളള ഒട്ടകങ്ങളായ അല്‍ വദാ, കറുപ്പ് ഒട്ടകങ്ങളായ അല്‍ മജഹതീര്‍, ചുവപ്പ് വിഭാഗത്തിലുളള അല്‍ ഹുമൂര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരം നടക്കും. തിരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന ഒട്ടക ഉടമകള്‍ക്കു ആകെ 115 ലക്ഷം റിയാല്‍ പാരിതോഷികമായി വിതരണം ചെയ്യും. ഈ മാസം 15-ന് സമാപിക്കുന്ന ഒട്ടകമേളയില്‍ 20 ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം മാത്രമല്ല. ഇതോടൊപ്പം ഒട്ടക വില്‍പ്പനയും ഒട്ടക വളര്‍ത്തലിനെ കുറിച്ചുള്ള പഠന ക്ലാസുകളും ആരോഗ്യപരിപാലന ക്യാമ്പുകളും ഒട്ടക പരിശീലന കേന്ദ്രങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈ വര്‍ഷം പതിനായിരത്തിലധികം വിസയാണ് ഒട്ടക മത്സരത്തിനു വേണ്ടി മാത്രം വിദേശികള്‍ക്കായി സൗദി അനുവദിച്ചത്. 1390-ലധികം ഒട്ടക ഉടമകള്‍ ഈ വര്‍ഷം അവരുടെ ഒട്ടകങ്ങളുമായി പങ്കെടുക്കുന്നുണ്ട്. സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. കാരണം വിജയിക്കുന്ന ഒട്ടകത്തിനും ഉടമയ്ക്കും ലഭിക്കാന്‍ പോകുന്നത് 20 കോടിയിലധികം രൂപയാണ്.
https://www.facebook.com/Malayalivartha