അമേരിക്ക വരെ എത്തി കേരളത്തിന്റെ ഹര്‍ത്താല്‍ പെരുമ ; ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തില്‍ കാലുകുത്തരുതെന്ന് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
കേരളത്തിലെ ഹര്‍ത്താല്‍ സംബന്ധിച്ചു പൗരന്‍മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പു നല്‍കി. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അവരുടെ പൗരന്‍മാരോട് അന്നേ ദിവസം കേരളത്തില്‍ കാലുകുത്തരുതെന്നാണ് മുന്നറിയിപ്പു നല്‍കിയത്. ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ഇന്ത്യയിലുള്ള പൗരന്‍മാരോട് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എപ്രില്‍ അഞ്ചിന്, സംസ്ഥാന തലസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായെന്നും അതിനെത്തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുയാണെന്നും സന്ദേശത്തില്‍ പറയുന്നു. ബസുകളോ ടാക്‌സികളോ ഓട്ടോറിക്ഷകളോ ഓടില്ലെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പു നല്‍കി. ഹര്‍ത്താലിനെ തുടര്‍ന്നു ഗതാഗത തടസമുണ്ടാകുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ ഏപ്രില്‍ ആറിന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
ഹര്‍ത്താലിന്റെ ഭാഗമായി പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നും സന്ദേശത്തില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് നടന്ന ഹര്‍ത്താലുകളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേരളത്തിലുള്ള പൗരന്‍മാര്‍ സുരക്ഷിത സ്ഥാനത്തായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നും കോണ്‍സുലേറ്റ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. പൗരന്‍മാരോട് പരിസരങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ ദേശീയ ആഘോഷമെന്നു ട്രോളന്‍മാര്‍ തമാശയ്ക്കു പറയുന്ന ഹര്‍ത്താല്‍ അങ്ങനെ കടല്‍കടന്നു അമേരിക്കയിലും വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത് ടൂറിസം വ്യവസായരംഗത്തെ എങ്ങനെ ബാധിക്കുമെന്ന് അല്‍പ്പകാലത്തിനു ശേഷമേ മനസ്സിലാകൂ.
https://www.facebook.com/Malayalivartha