പതിനഞ്ചാം വയസില്‍ ഇരുട്ടുമായി പൊരുത്തപ്പെടേണ്ടി വന്ന നിഥി; ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍
ജീവിതാനുഭവങ്ങളില്‍ നിന്നും നാം പഠിക്കുന്ന പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത്തരത്തിലുള്ള അനുഭവങ്ങള്‍കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കിയിരിക്കുകയാണ് നിഥി ഗോയല്‍ എന്ന 31-കാരി. ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍. ഒരര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് നിഥിയുടെ ജീവിത കഥ.
കാഴ്ചയില്ലാതെ ജനിച്ചുവീഴുന്നവര്‍ക്ക് ഒരു പക്ഷേ ഇരുട്ടുമായി പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടാകില്ല. നിഥിയുടെ കാര്യത്തില്‍ മറ്റൊന്നായിരുന്നു സംഭവിച്ചത്. പതിനഞ്ചാം വയസില്‍ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന രോഗം ബാധിച്ച് നിഥിയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. എല്ലാവരേയും പോലെ തന്നെ നിഥിക്കും ആദ്യ ഘട്ടത്തില്‍ തന്റെ വിധിയെ ഓര്‍ത്ത് ദു:ഖമുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയതോടെ ജീവിതത്തെ പൊരുതി തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുകയായിരുന്നു.
ഒരു കൊമേഡിയന്‍ ആകണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് നിഥി പറയുന്നു. തമാശകള്‍ എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. ജീവിതാനുഭവങ്ങളാണ് തമാശകള്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. തന്റെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ അത് കേട്ടിരിക്കാന്‍ സുഹൃത്തുക്കള്‍ താല്‍പര്യം കാണിച്ചു. തന്നെ പ്രോത്സാഹിപ്പിച്ചു. തനിക്ക് സ്‌നേഹം നല്‍കി. സുഹൃത്തും ആക്ടിവിസ്റ്റുമായ പത്മ മേനോനാണ് തനിക്ക് ഒരു പെര്‍ഫോമന്‍സിന് അവസരം നല്‍കിയത്. തയ്യാറെടുപ്പുകള്‍ക്ക് ആറ് മാസത്തെ സാവകാശം നല്‍കി. തന്റെ ജീവിതത്തിലെ ഒരോ സംഭവങ്ങളും ഒരു സ്‌ക്രിപ്റ്റ് എന്ന നിലയില്‍ എഴുതി. തുടര്‍ന്ന് അത് അവതരിപ്പിച്ചു, പിന്നീട് അംഗീകാരങ്ങള്‍ ലഭിക്കുകയായിരുന്നുവെന്നും നിഥി പറഞ്ഞു. പിന്നീട് ആക്ടിവിസ്റ്റായും ജെന്‍ഡര്‍ ജസ്റ്റീസിനും വികലാംഗരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് നിഥി വളര്‍ന്നു.
പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയനായ അതിഥി മിത്തലാണ് നിഥിയെ ഒരു കൊമേഡിയ എന്ന നിലയില്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ഫെബ്രുവരിയിലായിരുന്നു നിഥിയുടെ ആദ്യ അവതരണമായ ബാഡ് ഗേള്‍. ഇത് ഓണ്‍ലൈനിയും ഓഫ്‌ലൈനിലും ഏറെ പ്രശംസ നേടി. താന്‍ സ്‌റ്റേജിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയേക്കാള്‍ അധികം ദേഷ്യമാണ് ഉണ്ടാകുന്നതത്രേ.ഒരു അന്ധയാണോ പരിപാടി അവതരിപ്പിക്കുന്നത്?, അവള്‍ എന്തായിരിക്കും ചെയ്യുക?, അല്ലെങ്കില്‍ അവള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ശാരീരിക വൈകല്യമുള്ളവരെ കാണുമ്പോള്‍ ആളുകളുടെ മനസില്‍ സ്വാഭാവികമായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകാം. അനുകമ്പയ്ക്കപ്പുറം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണിവയെന്നും നിഥി പറയുന്നു.
https://www.facebook.com/Malayalivartha