പരീക്ഷകളുടെ മൂല്യനിര്‍ണയക്യാമ്പില്‍ സച്ചിനും കോഹ്‌ലിയും ചിരി ഉയര്‍ത്തുന്നു
ഹയര്‍ സെക്കന്‍ഡറി- എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിച്ചതോടെ മറ്റൊരു ചിരിപ്പൂരത്തിനു തുടക്കമായി. കലയും കായിക വിനോദങ്ങളും മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുകയും മാനവികത വളര്‍ത്തുകയും ചെയ്യുമെന്നുള്ളതിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, കലാമണ്ഡലം ഹൈദരലി എന്നിവരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണം തയാറാക്കുക എന്ന ചോദ്യത്തിന് ഒരു വിരുതന്‍ എഴുതിയ ഉത്തരം കേള്‍ക്കണോ? വിരാട് കോഹ്‌ലിയും സച്ചിന്‍ തെണ്ടുല്‍ക്കറും ഒരേ സമയത്ത് കലാമണ്ഡലത്തില്‍ പഠിച്ചിരുന്നു...! കലാമണ്ഡലം ഹൈദരലിയെ പാട്ടുകാരന്‍ ആക്കണമെന്ന് അദ്ദേഹത്തിന്റെ എളേപ്പയ്ക്കായിരുന്നു താല്‍പര്യം... അതിന് അദ്ദേഹം ഒരു ചാനലിലെ ഓഡിഷനില്‍ പോലും പങ്കെടുപ്പിച്ചിരുന്നു' എന്നൊക്കെ പോകുന്നു ഉത്തരങ്ങള്‍.
'മാപ്പിളപ്പാട്ടില്‍ പുലിക്കോട്ടില്‍ ഹൈദര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു' എന്നത് വ്യക്തമാക്കാനുള്ള ഒരു ചോദ്യമുണ്ടായിരുന്നു. ഉത്തരം തുടങ്ങുന്നത് 'പുലിക്കോട്ടില്‍ ഹൈദര്‍ ഒരു പുലിമുരുകന്‍ ആയിരുന്നു' എന്നാണ്. പുലിക്കോട്ടില്‍ ഹൈദറെയും കലാമണ്ഡലം ഹൈദരലിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നതോടെ രണ്ടുപേരെയും പലര്‍ക്കും പരസ്പരം മാറിപോയി. ചിലരുടെ ഉത്തരത്തില്‍ പുലിക്കോട്ടില്‍ ഹൈദര്‍, പുലിക്കോട്ടില്‍ ഹൈദരലിയായപ്പോള്‍ മറ്റു ചിലരുടെ ഉത്തരത്തില്‍ കലമാണ്ഡലം ഹൈദരലി, കലാമണ്ഡലം ഹൈദറും അയി.
ഭാരതപ്പുഴയിലെ തിരുനാവായ പ്രദേശത്തെ വെള്ളം മലിനമാണെന്നും ഈ മലിനജലം ജനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു എന്നുള്ളതു സംബന്ധിച്ച് പത്രവാര്‍ത്ത തയാറാക്കി തലവാചകവും എഴുതുക എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതില്‍ 'തിരുനാവായ' എന്നത് 'തെരുവുനായ' എന്നു വായിച്ച വിദ്യാര്‍ഥി തെരുവുനായ ശല്യത്തെപ്പറ്റിയാണ് പത്രവാര്‍ത്ത തയാറാക്കിയത്. 'നാട്ടില്‍ തെരുവുനായ ശല്യം' എന്ന് തലക്കെട്ടും ഇട്ടു.
നളചരിതത്തില്‍ നളന് കിട്ടിയ വരങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ഇതിന്റെ ഉത്തരത്തില്‍ 'നളന്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ പൈപ്പിലൂടെ വെള്ളം വരും' എന്ന് നളനു വരം ലഭിച്ചിരുന്നു എന്നാണ് ഒരു വിദ്യാര്‍ഥിയുടെ ഉത്തരം.
ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഹിസ്റ്ററി പരീക്ഷയിലെ 15-ാം നമ്പര്‍ ചോദ്യം ഇപ്രകാരമായിരുന്നു; 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ കിംവദന്തിയുടെ പങ്ക് എന്ത് ? അതിന് വിദ്യാര്‍ഥികള്‍ എഴുതിയ ചില ഉത്തരങ്ങള്‍ ഇങ്ങനെ.'കിംവദന്തി എന്ന ഒറ്റ ഒരാളാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാരണക്കാരനായത്'. 'കിംവദന്തിയുടെ അവിഹിതമായ ഇടപെടലുകള്‍ സമരത്തിനു കാരണമായി'.
https://www.facebook.com/Malayalivartha