ആള്‍ കുറുക്കനാണെങ്കിലും ഇവനെ വിശ്വസിക്കാം!
കേച്ചേരി എരനല്ലൂര്‍ പുലിക്കോട്ടില്‍ പി.എസ്.നെല്‍സന്റെ വീട്ടിലെ ലാബ്രഡോര്‍ പട്ടിയാണ് ചോക്കോ. ഏഴെട്ടു മാസങ്ങള്‍ക്കു മുമ്പ് ചോക്കോ പ്രസവിച്ചു ഒന്‍പതു കുട്ടികളുണ്ടായിരുന്നു. അന്നുതന്നെ നെല്‍സന്റെ വീടിനു പുറകിലെ മുളങ്കാട്ടില്‍ ഒരു കുറുക്കനും പ്രസവിച്ചു. ഒരു ദിവസം കുറുക്കനും ചേക്കോയും ചെറുതായൊന്നു കോര്‍ത്തു. അടുത്ത ദിവസം മുളങ്കാട്ടില്‍ കരഞ്ഞുകൊണ്ടു കിടക്കുന്ന ഒരു കുറുക്കന്‍കുട്ടിയെയാണു കണ്ടത്. ബാക്കി കുറുക്കന്‍ കുട്ടികളെയെല്ലാം അമ്മക്കുറുക്കന്‍ കൊണ്ടുപോയിരുന്നു.
താനുമായുള്ള യുദ്ധത്തില്‍ തനിച്ചായിപ്പോയ കുറുക്കന്‍കുട്ടിയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ചോക്കോവിനു സംശയമില്ലായിരുന്നു. കടിച്ചു തൂക്കിക്കൊണ്ടുവന്നു സ്വന്തം കുട്ടികളോടൊപ്പം പാലു കൊടുത്തു വളര്‍ത്തി. ആദ്യമെല്ലാം വീട്ടുകാര്‍ ഈ ബന്ധം കണ്ട് അന്തംവിട്ടെങ്കിലും പിന്നീടു സ്‌നേഹമായി.ചോക്കോവിന്റെ കുട്ടികളെ പലര്‍ക്കുമായി കൊടുത്തു. അപ്പോഴേക്കും കുറുക്കന്‍കുഞ്ഞും വലുതായി തുടങ്ങിയിരുന്നു.അവന്‍ കാടുകയറി. മിക്ക രാത്രികളിലും കുറുക്കന്‍ സംഘം മുളങ്കാട്ടിലെത്തും.
കുഞ്ഞു നേരെ വളര്‍ത്തമ്മയുടെ അടുത്തുവന്നു രാത്രി ഭക്ഷണം പങ്കിട്ടു കഴിച്ചു കുറെ നേരം കൂടെ കിടന്നുറങ്ങുകയും കളിക്കുകയും ചെയ്യും. വെളുക്കുമ്പോള്‍ തിരിച്ചു കുറ്റിക്കാട്ടിലേക്കു പോകും. ചോക്കോയുടെ ഉടമ നെല്‍സനെ മാത്രം കുറുക്കന്‍ തൊടാന്‍ സമ്മതിക്കും. ബാക്കി ആരെ കണ്ടാലും ഓടിയൊളിക്കും. മേക്കപ്പ്മാന്‍ സന്തോഷ് ബാബു കേച്ചേരിയാണ് പകല്‍ അപൂര്‍വമായി മാത്രം എത്തുന്ന കുറുക്കന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. മറ്റു കുറുക്കന്മാരെയെല്ലാം ഇപ്പോഴും ഈ ചോക്കോ ഓടിക്കും. എന്നാല്‍ ഈ കുട്ടിക്കുറുക്കനെ മാത്രം ഒന്നും ചെയ്യില്ല. എന്നും രാത്രി കുറച്ചു ഭക്ഷണം ഇപ്പോഴും ചോക്കോ മാറ്റിവയ്ക്കും. രാത്രി വരുന്ന മകനു വേണ്ടി.
https://www.facebook.com/Malayalivartha