ഈ ബംഗ്ലദേശ് ബോളര്‍ നാലു ബോളില്‍ വഴങ്ങിയത് 92 റണ്‍സ്!
വെറും നാലു പന്തില്‍ നിന്ന് 92 റണ്‍സെന്നു കേട്ട് അത്ഭുതപ്പെടാന്‍ വരട്ടെ. സംഗതി സത്യമാണ്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗിനിടെയാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ആക്‌സിയോണ്‍, ലാല്‍മാട്ടിയ എന്നീ ക്ലബ്ബുകള്‍ തമ്മിലായിരുന്നു പോരാട്ടം. ഒറ്റ ഓവറില്‍ ലാല്‍മാട്ടിയ ക്ലബിന്റെ ബൗളര്‍ സുേജാന്‍ മുഹമ്മദ് 92 റണ്‍സ് വഴങ്ങിയത് തെറ്റായ തീരുമാനങ്ങള്‍ എടുത്ത അമ്പയറോടുള്ള പ്രതിഷേധമായിട്ടാണ്. 13 വൈഡും 15 നോബോളും എറിഞ്ഞ് ആദ്യത്തെ ഓവറില്‍ തന്നെ എതിര്‍ ടീമിനെ സുജോന്‍ ജയിപ്പിക്കുകയും ചെയ്തു.
എറിഞ്ഞ 15 വൈഡുകളില്‍ ചില പന്തുകള്‍ അതിര്‍ത്തി കടന്നതോടെ 65 റണ്‍സ് വൈഡ്, എക്‌സ്ട്രായിനത്തില്‍ തന്നെ എതിര്‍ ടീമിന് ലഭിച്ചു. അബദ്ധത്തില്‍ നേരെ പോയ നാലു പന്തുകളില്‍ നിന്ന് 12 റണ്‍സ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുക്കുകയും ചെയ്തു. എന്തായാലും വെറും നാലു പന്തില്‍ 92 റണ്‍സ് അടിച്ച ആക്‌സിയോണ്‍ പത്തു വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത ലാല്‍മാട്ടിയയ്ക്ക് 14 ഓവറില്‍ 88 റണ്‍സ് മാത്രമാണ് നേടാനായത്. അമ്പയറുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ മത്സരം തങ്ങള്‍ക്കു പ്രതികൂലമാക്കിയെന്നായിരുന്നു ടീമിന്റെ വാദം. ടോസ് ഇട്ടപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളും ആരംഭിച്ചിരുന്നു. ക്യാപ്റ്റനെ ടോസ് കാണിക്കാന്‍ അമ്പയര്‍ തയ്യാറായില്ലെന്നും അമ്പയറുടെ നിര്‍ദ്ദേശമനുസരിച്ച് ബാറ്റ് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ലാല്‍മാട്ടിയയുടെ ജനറല്‍ സെക്രട്ടറി അദ്‌നാന്‍ റഹ്മാന്‍ പ്രതികരിച്ചു. കളിക്കാരെല്ലാം 17 മുതല്‍ 19 വയസു വരെ മാത്രം പ്രായമുള്ളവരാണ്. അനീതി കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കാന്‍ അവര്‍ക്കു സാധിക്കില്ലെന്നും അദ്‌നാന്‍ റഹ്മാന്‍ പറഞ്ഞു.
അമ്പയറിങ്ങിന്റെ പേരില്‍ ഈ ടൂര്‍ണമെന്റില്‍ നേരത്തെയും വിവാദമുണ്ടായിട്ടുണ്ട്. ഫിയര്‍ ഫൈറ്റേഴ്‌സ് സ്‌പോര്‍ടിങ് ക്ലബ്ബിന്റെ ബൗളര്‍ തസ്‌നീം ഹസ്സന്‍ ഏഴു പന്തില്‍ 69 റണ്‍സ് വഴങ്ങി അമ്പയറിങ്ങിനെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha