40 ലക്ഷം ഡോളര്‍ വിലയുള്ള തലച്ചോറിന് ഉടമ
ഈവ്ജിനി ബോഗാഷേവ് എന്ന് കേട്ടിട്ടുണ്ടോ? തലയ്ക്ക് 40 ലക്ഷം ഡോളര്‍ (ഏകദേശം 26,62,19,949 രൂപ) വില വരുന്ന ഈ 33 കാരന്‍ ലോകത്തെ 'മോസ്റ്റ് വാണ്ടഡ് സൈബര്‍ ക്രിമിനലാ'ണ്. ലോകത്തെ ഏറ്റവും ഗുരുതരമായ ഒരു സൈബര്‍ െ്രെകം ശൃംഖലയുടെ തലച്ചോറ് ഇയാളാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളിലായി പത്തുലക്ഷത്തിലധികം കംപ്യൂട്ടറുകളാണ് ഇയാള്‍ നിയന്ത്രിക്കുന്നത്. വിദേശ ബിസിനസുകാര്‍ ഉള്‍പ്പെടെ അനേകം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ തട്ടിയത് ദശലക്ഷക്കണക്കിന് ഡോളറുകളായിരുന്നു. അമേരിക്കന്‍ ഭരണകൂടം 40 ലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് വില പറഞ്ഞിരിക്കുന്നത്. പിടിക്കപ്പെടാന്‍ ഇടയാക്കുന്നതിലേയ്ക്ക് നയിക്കുന്ന വിവരം നല്‍കിയാല്‍ പോലും സമ്മാനം കിട്ടും.
അടുത്തിടെ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇയാളുടെ സേവനം ഉപയോഗിച്ചതായി ഡിസംബറില്‍ ഒബാമ ഭരണകൂടം സംശയം ഉന്നയിച്ചിരുന്നു. ബോഗാഷേവിന്റെയും മറ്റ് അഞ്ച് കൂട്ടാളികളുടെയും വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലക്കി 12345, സഌവിക് എന്നീ തട്ടിപ്പ് പേരുകളിലാണ് ഓണ്‍ലൈനില്‍ കളി. ഇപ്പോള്‍ റഷ്യ വിട്ടെന്ന് കരുതുന്ന ഇയാള്‍ മൂന്നു വ്യാജ പാസ്‌പോര്‍ട്ടുകളിലാണ് യാത്ര ചെയ്യുന്നതെന്നാണ് വിവരം.
തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനായി റഷ്യ തന്നെയാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സ്വന്തം കഴിവില്‍ ലോകത്തുടനീളമുള്ള ബാങ്കുകളില്‍ നിന്നും ഇയാള്‍ പണം അടിച്ചു മാറ്റുന്നത് റഷ്യയ്ക്ക് സന്തോഷമാണെന്നും അമേരിക്ക പറയുന്നു. റഷ്യന്‍ പാസ്‌പോര്‍ട്ടിലേത് എന്ന് കരുതുന്ന ഇയാളുടെ ഏതാനും ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു.
ഗെയിം ഓവര്‍ സൂസ് എന്ന് പ്രശസ്തമായ മലീഷ്യസ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമിലൂടെ പത്തു വര്‍ഷം മുമ്പാണ് ബോഗാഷേവ് പണി തുടങ്ങിയത്. ബിസിനസ് കഌ് എന്ന് ഇയാള്‍ വിളിക്കുന്ന 12-ല്‍ അധികം സഹായികളിലൂടെയാണ് ഇവര്‍ അനേകം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളറുകള്‍ അടിച്ചു മാറ്റിയത്. പത്തു ലക്ഷത്തിലധികം കമ്പ്യുട്ടറുകള്‍ കേടുപാടാക്കിയതിലൂടെ 100 ദശലക്ഷം ഡോളറിന്റ നഷ്ടം വേറെയും ഉണ്ടാക്കി. ഇയാളുടെ നെറ്റ് വര്‍ക്ക് ഷട്ട് ഡൗണ്‍ ചെയ്യാന്‍ 2014-ല്‍ ചില യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഫ്രാന്‍സില്‍ രണ്ടു വില്ലകള്‍, യൂറോപ്പില്‍ ഉടനീളമായി ചിതറിക്കിടക്കുന്ന കാറുകള്‍ വേറെയും. അതേസമയം ഇയാളുടെ പടം പോലും കൃത്യമായി പുറത്തു വന്നിട്ടില്ല. ഓണ്‍ലൈനില്‍ ബോഗാഷേവ് എന്ന പേരില്‍ പ്രചരിക്കുന്നത് ആസ്റ്റിന്‍ പവേഴ്‌സിലെ ഡോ. എവിള്‍ എന്ന കഥാപാത്രത്തിന്റെ ചിത്രമാണെന്ന് ആരോപണമുണ്ട്. അനേകം ഊഹാപോഹങ്ങളും ബോഗാഷേവിനെക്കുറിച്ചുണ്ട്. അവയില്‍ ഒന്ന് അനാപാ നഗരത്തില്‍ കരിങ്കടലിന് സമീപത്തെ ഒരു റിസോര്‍ട്ടില്‍ ഇയാള്‍ താമസിക്കുന്നു എന്നതാണ്. ഇവിടെ സ്വന്തമായി എല്ലാ ആഡംബരങ്ങളോടെ ഒരു നൗകയുണ്ടെന്നും കേള്‍ക്കുന്നു.
https://www.facebook.com/Malayalivartha