തിരിച്ചു കിട്ടിയ തുമ്പിക്കൈയ്യുമായി കുറുമ്പി കുട്ടിയാന
എന്‍കേഷ , കെനിയയിലെ മസായ് മാറ വന്യമൃഗ സംരക്ഷണകേന്ദ്രത്തിലെ കുട്ടിയാനയാണ് . ഒരു വയസ്സു മാത്രം പ്രായമുള്ള എന്‍കേഷ തന്റെ ഈ കുഞ്ഞു ജീവിതത്തില്‍ സഹിച്ച വേദനയ്ക്കു കണക്കില്ല. കാട്ടിലൂടെ ചുറ്റിത്തിരിയുമ്പോള്‍ മാനിനെ പിടിക്കാനായി വേട്ടക്കാര്‍ വെച്ച കെണിയിലാണ് എന്‍കേഷയുടെ കുഞ്ഞു തുമ്പിക്കൈ കുടുങ്ങിയത് .വീതിയുള്ള ഇരുമ്പു കമ്പി കൊണ്ടുള്ള കുടുക്ക് തുമ്പിക്കൈയില്‍ ആഴത്തില്‍ അമര്‍ന്നു. അത്രയും ഭാഗത്തെ ബന്ധം തന്നെ ശരീരത്തില്‍ നിന്നു വിട്ടുപോയി. ഈ അവസ്ഥയിലാണ് റേഞ്ചര്‍മാര്‍ എന്‍കേഷയെ കണ്ടെത്തുന്നത്. വേദന സഹിക്കാനാകാതെ എപ്പോഴും നിലവിളിക്കുന്ന കുട്ടിയാനയെ ശ്രദ്ധിച്ചപ്പോളാണ് എന്‍കേഷയുടെ ദുരിതം അവര്‍ തിരിച്ചറിഞ്ഞത്.
എന്‍കേഷയെ റേഞ്ചര്‍മാര്‍ കണ്ടെത്തുമ്പോള്‍ തുമ്പിക്കൈ പകുതിക്കു വെച്ച് ഏതാണ്ട് പൂര്‍ണമായും അറ്റു പോയ നിലയിലായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ കുട്ടിയാനയെ വിമാനമാര്‍ഗം സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തി. തുമ്പിക്കൈയില്‍ ആഴത്തില്‍ ഇറങ്ങിയ കമ്പി എടുത്തു കളഞ്ഞ ശേഷം എന്‍കേഷയുടെ തന്നെ ശരീരത്തില്‍ നിന്നുള്ള ത്വക്ക് പലയിടത്തു നിന്നായെടുത്ത് തുമ്പിക്കൈയില്‍ വച്ചു പിടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
രണ്ടു മാസം മുന്‍പു ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയാനയുടെ മുറിവെല്ലാം പൂര്‍ണ്ണമായി മാറിക്കഴിഞ്ഞു. തുമ്പിക്കൈ ഉപയോഗിച്ച് സാധനങ്ങള്‍ എടുക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇപ്പോള്‍ എന്‍കേഷയ്ക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ കാലത്തെ വേദനകളെല്ലാം മറന്ന് സന്തോഷത്തോടെ രക്ഷാകേന്ദ്രത്തിലെ മറ്റാനകള്‍ക്കൊപ്പം മണ്ണിലും ചെളിയിലും കളിച്ചു നടക്കുകയാണിപ്പോള്‍ ഈ കുറുമ്പി കുട്ടിയാന.
https://www.facebook.com/Malayalivartha