ധൈര്യമുണ്ടോ, എങ്കില്‍ ലോകത്തിന്റെ അങ്ങേയറ്റത്തേക്ക് ഊഞ്ഞാലാടാം !
ലോകത്തിന്റെ അങ്ങേയറ്റത്തോരു ഊഞ്ഞാലുകെട്ടിയാല്‍ എങ്ങനെയിരിക്കും? ലോകത്തിന് അങ്ങനെയൊരു അറ്റമുണ്ടോ എന്നായിരിക്കും ആദ്യ ചോദ്യം. ലോകത്തിന് അറ്റമുണ്ട് അതിന്റെ അറ്റത്ത് ഒരൂഞ്ഞാലുമുണ്ട് എന്നു പറഞ്ഞാലോ? തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള ബാനോസിലാണ് ഈ ഊഞ്ഞാലുള്ളത്. ഇവിടുത്തെ ലാ കാസാ ഡെല്‍ അര്‍ബോള്‍ എന്ന സ്ഥലത്തെ മലമുകളിലുള്ള ഒരു മരത്തിലാണ് ലോകത്തിന്റെ അറ്റത്തെ ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്. മരത്തില്‍ ഇതിനോടുചേര്‍ന്ന് ഒരു വീടും ഒരുക്കിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2600 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഈ ഊഞ്ഞാലില്‍ ഇരുന്നാടിയാല്‍ തുംഗുരാഹുവാ എന്ന സജീവ അഗ്‌നിപര്‍വതം കാണാം. എന്നാല്‍ ഈ ഊഞ്ഞാലാടാന്‍ ആഗ്രഹം മാത്രം പോരാ. അല്പം ധൈര്യം കൂടി വേണം. കാരണം മരത്തിലെ സാധാരണ ഒരു കൊമ്പിലാണ് ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ രക്ഷപെടാന്‍ സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഇവിടെയൊരുക്കിയിട്ടില്ല. ഊഞ്ഞാലാടുന്നയാള്‍ സ്വന്തം റിസ്‌കില്‍ വേണം ലോകത്തിന്റെ അറ്റത്തേക്കാടുന്നതെന്നു സാരം.
കാരള്‍ സാഞ്ചസ് എന്ന ഭൗമശാസ്ത്രജ്ഞന്‍ സ്ഥാപിച്ചതാണ് ഈ മരവീടും മരത്തിലുള്ള ഊഞ്ഞാലുകളും. എന്തായാലും സാഹസികത ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ നൂറുകണക്കിനു വിനോദ സഞ്ചാരികളാണ് ഈ ഊഞ്ഞാലിലാടാനായി ഇവിടെ വന്നുപോകുന്നത്.
https://www.facebook.com/Malayalivartha