ടൈറ്റാനിക്ക് തകര്‍ന്ന കപ്പല്‍പ്പാതയില്‍ നാനൂറിലേറെ മഞ്ഞുമലകളെ കണ്ടെത്തിയ പട്രോളിങ് സംഘത്തിന് ഞെട്ടല്‍
ടൈറ്റാനിക് എന്ന ആ പടുകൂറ്റന്‍ കപ്പലിനെ മുക്കാന്‍ ഒരൊറ്റ മഞ്ഞുമല മതിയായിരുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക്കിന്റെ കപ്പല്‍ച്ചാലുകളില്‍ നിലവില്‍ 481 മഞ്ഞുമലകളാണ് അലഞ്ഞു നടക്കുന്നത്. ഇന്നേവരെ കാണാത്ത തരത്തിലുള്ള ഇത്തരമൊരു പ്രതിഭാസത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളെല്ലാം.
ഇവയുടെ എണ്ണം മാത്രമല്ല, ഇത്രയേറെ വേഗതയില്‍ ഇവയെങ്ങനെ കപ്പല്‍ച്ചാലുകളിലേക്ക് എത്തി എന്നാണ് മേഖലയിലെ വിദഗ്ധര്‍ അന്വേഷിക്കുന്നത്. 481-ലും അധികം മഞ്ഞുമലകള്‍ കപ്പല്‍പ്പാതകളില്‍ കാണപ്പെടാറുണ്ട്. പക്ഷേ ഈ സീസണില്‍ അത്തരമൊരു അവസ്ഥയ്ക്ക് യാതൊരു സാധ്യതയുമില്ല.
ഇന്റര്‍നാഷനല്‍ ഐസ് പട്രോളി(ഐഐപി)ന്റെ കനത്ത ജാഗ്രതാനിര്‍ദേശമുള്ളതിനാല്‍ കപ്പലുകളെല്ലാം മൈലുകളോളം വഴിമാറി സഞ്ചരിക്കുകയാണ്. അതാകട്ടെ ഇന്ധനച്ചെലവ് കൂട്ടും, മാത്രവുമല്ല സാധാരണ കണക്കുകൂട്ടിയതിനേക്കാള്‍ ഒന്നോ രണ്ടോ ദിവസം അധികയാത്രയും വേണ്ടിവരും. പക്ഷേ ഐഐപി പറയുന്നത് അനുസരിച്ചേ മതിയാകൂ, അല്ലെങ്കില്‍ ലോകം സാക്ഷിയാകേണ്ടി വരിക വീണ്ടുമൊരു 'ടൈറ്റാനിക്' മോഡല്‍ ദുരന്തത്തിനായിരിക്കും!
1912-ല്‍ 1500-ലേറെ യാത്രക്കാരുടെ ജീവനെടുത്ത് കടലിലേക്കു താഴ്ന്ന ടൈറ്റാനിക്കിന്റെ വിധി ആവര്‍ത്തിക്കാതിരിക്കാന്‍ രൂപീകരിച്ച ഐഐപി നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ കപ്പല്‍പ്പാതകളിലൂടെ നൂറിലേറെ വര്‍ഷങ്ങളായി അവര്‍ റോന്തു ചുറ്റുന്നു. യൂറോപ്പും നോര്‍ത്ത് അമേരിക്കയും തമ്മില്‍ ഏറ്റവും വേഗത്തില്‍ ചരക്കുകൈമാറ്റം സാധ്യമാകുന്നത് ഈ കപ്പല്‍പ്പാതയുള്ളതുകൊണ്ടാണ്. അവിടെ ഒരു തടസ്സമുണ്ടാകുകയെന്നാല്‍ കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന കാര്യവുമാണ്. പക്ഷേ ഐഐപിയുടെ മുന്നറിയിപ്പുകള്‍ പരിഗണിച്ചിട്ടുള്ള ഒരു കപ്പലിനും ഇന്നേവരെ യാത്രാമധ്യേ മഞ്ഞുമലകളില്‍ നിന്ന് പ്രശ്‌നമുണ്ടായിട്ടില്ല. പക്ഷേ ഇത്തവണ ഐഐപി കുറച്ചേറെ കരുതലിലാണ്. അഞ്ചുലക്ഷത്തിലേറെ ചതുരശ്ര മൈല്‍ പ്രദേശമാണ് ഈ പട്രോളിങ് സംഘത്തിന്റെ പരിധിയിലുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ അറ്റ്‌ലാന്റിക്കിലൂടെയുള്ള കടല്‍പ്പാതകളില്‍ ആകെ കണ്ടെത്തിയിരുന്നത് 37 മഞ്ഞുമലകളെയായിരുന്നു. പക്ഷേ ഒരൊറ്റ ആഴ്ച കഴിഞ്ഞ് ഏപ്രില്‍ മൂന്നിനു രേഖപ്പെടുത്തിയതാകട്ടെ 455 എണ്ണവും. ഇപ്പോഴത് 481 ആയിരിക്കുന്നു. ഓഗസ്റ്റ് അവസാനം ആകുന്നതോടെ ഈ എണ്ണം 485-ലേക്ക് എത്തുന്നതും പതിവാണ്. പക്ഷേ അതിനും നാലു മാസം മുന്‍പേതന്നെ ആ നിലവാരത്തിലേക്ക് മഞ്ഞുമലകളുടെ എണ്ണമെത്തിയതാണ് ഐഐപിയെയും കാലാവസ്ഥാവിദഗ്ധരെയും കുഴക്കുന്നത്.
ഇപ്പോള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ കപ്പല്‍പ്പാതകളില്‍ കാണുന്ന മഞ്ഞുമലകള്‍ കുറഞ്ഞത് ഒരു വര്‍ഷം മുന്‍പേ കടല്‍യാത്ര ആരംഭിച്ചവയാണ്. കൊടുങ്കാറ്റും ചൂടേറിയ കാലാവസ്ഥയും കാരണം ഗ്രീന്‍ലന്‍ഡിലെ പടുകൂറ്റന്‍ ഹിമാനികളില്‍ നിന്നു വേര്‍പ്പെടുന്നവയാണ് ഒഴുകുന്ന മഞ്ഞുമലകളായി മാറുന്നത്. അറ്റ്‌ലാന്റിക് പാതയിലേക്കെത്താന്‍ ഇവയ്ക്ക് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണു വേണ്ടത്. അതിനു കാരണവുമുണ്ട്. സമുദ്രത്തിലെ അടിയൊഴുക്കുകളും കാറ്റും തിരമാലകളുമെല്ലാമാണ് മഞ്ഞുമലകളുടെ സഞ്ചാരവേഗത്തെ സ്വാധീനിക്കുന്നത്. അതിനാല്‍ത്തന്നെ ഹിമാനികളില്‍ നിന്നു വേര്‍പെട്ട് നേരെ തെക്കുദിശയിലേക്കായിരിക്കില്ല ഇവയുടെ സഞ്ചാരം.
വെസ്റ്റ് ഗ്രീന്‍ലന്‍ഡ് അടിയൊഴുക്കി'ന്റെ സ്വാധീനത്തില്‍പ്പെട്ട് ആദ്യം വടക്കോട്ടു നീങ്ങും. പിന്നീട് 'ലാബ്രഡോര്‍ അടിയൊഴുക്കി'ന്റെ സ്വാധീനത്തില്‍പ്പെട്ട് ഒരു 'യു-ടേണ്‍' എടുത്താണ് തെക്കോട്ടേക്കു നീങ്ങുന്നത്. ഗ്രീന്‍ലന്‍ഡ് തീരത്ത് ഓരോ സീസണിലുമുണ്ടാകുന്ന ശീതക്കാറ്റാണ് ഇവിടത്തെ നിര്‍ണായക സ്വാധീനശക്തി. 2013-ല്‍ തീരത്തേക്കായിരുന്നു പ്രധാനമായും കാറ്റുവീശിയത്. അതോടെ അടിയൊഴുക്കുകളില്‍ നിന്നുമാറി ഗ്രീന്‍ലന്‍ഡ് തീരത്തോടു ചേര്‍ന്നായിരുന്നു മഞ്ഞുമലകളുടെ സഞ്ചാരം. ആ വര്‍ഷം കപ്പല്‍പ്പാതയിലേക്ക് ആകെയെത്തിയത് 13 മഞ്ഞുമലകള്‍ മാത്രവും!
പക്ഷേ തൊട്ടടുത്ത വര്‍ഷം കളിമാറി. തീരത്തുനിന്നും ഏറെ മാറിയായിരുന്നു ശീതക്കാറ്റ് ആഞ്ഞുവീശിയത്. മഞ്ഞുകാലത്ത് അത്തരം കാറ്റ് തുടരെവീശുന്നതോടെ പല മഞ്ഞുമലകള്‍ക്കു മേലെയും കൂടുതല്‍ മഞ്ഞ് അട്ടിയിട്ട് വരുന്ന അവസ്ഥയുണ്ടാകും. അതോടെ അവയുടെ വലുപ്പവുമേറും. തിരമാലകളില്‍ത്തട്ടി മഞ്ഞുരുകിപ്പോയാലും പിന്നേയും ഏറെ ബാക്കിയുണ്ടാകും. അതിനാല്‍ത്തന്നെ ഏറെ ദൂരം സഞ്ചരിക്കാനും സാധിക്കും. അത്തരത്തില്‍ 2014-ല്‍ മൊത്തമായി അറ്റ്‌ലാന്റിക് കപ്പല്‍പ്പാതയിലേക്കെത്തിയത് 1546 മഞ്ഞുമലകളായിരുന്നു!
മഞ്ഞുകാലത്തെ കാറ്റുകള്‍ മഞ്ഞുമലകളിലേക്ക് കൂടുതല്‍ ഹിമശേഖരങ്ങളെ എത്തിക്കുമ്പോള്‍ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലത്തെ കാറ്റുകളാണ് ഇവയുടെ സഞ്ചാരത്തില്‍ സഹായിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിഭാസത്തിനും കാലാവസ്ഥാ വിദഗ്ധര്‍ക്ക് വിശദീകരണമുണ്ട്. ന്യൂഫൗണ്ട്‌ലാന്‍ഡ് ദ്വീപില്‍ നിന്നു മാറിയുണ്ടായ കാറ്റാണ് ഹിമാനികളെ മാര്‍ച്ച് മധ്യത്തോടെ തകര്‍ത്തത്.
അതിനിടെ മാര്‍ച്ച് 27-നും 29-നും മധ്യേ ഈ ഭാഗത്ത് ഒരു കൊടുങ്കാറ്റുണ്ടായി, ചുഴലിക്കാറ്റിനു സമാനമായ വേഗമാണ് ഇത് കൈവരിച്ചത്. ഈ കാറ്റ് പതിച്ചതോടെ പതിവുസഞ്ചാര രീതിയില്‍ നിന്നുമാറി മഞ്ഞുമലകളെല്ലാം അതിവേഗം തെക്കുഭാഗത്തേക്ക് നീങ്ങുകയായിരുന്നു. അവിടെ നിന്ന് കപ്പല്‍പ്പാതകളിലേക്കും. എന്നാല്‍ ഇപ്പോള്‍ എണ്ണത്തിലേറെയിരിക്കുന്ന മഞ്ഞുമലകള്‍ വൈകാതെ തന്നെ തകര്‍ക്കപ്പെടും. ഇവയെ രൂപപ്പെടാന്‍ സഹായിച്ചതു പോലുള്ള ശക്തമായ കാറ്റുകള്‍ തന്നെയാണ് അതിന് സഹായിക്കുന്നതും. ഒപ്പം തിരമാലകളും അടിയൊഴുക്കുകളുമെല്ലാം കാരണമാകും. അങ്ങനെ മഞ്ഞുമലകള്‍ പല കഷണങ്ങളായി ചിന്നിച്ചിതറിപ്പോകുകയാണു പതിവ്. അതോടെ കപ്പല്‍പ്പാതകളും സുരക്ഷിതം. പക്ഷേ അതുവരെ കപ്പലുകള്‍ ശ്രദ്ധയോടെ യാത്ര ചെയ്‌തേ മതിയാകൂ!
https://www.facebook.com/Malayalivartha