ചെക്ക് റിപ്പബ്ലിക്കിന്റെ ഉറക്കം കെടുത്തുന്ന 'റേഡിയോ ആക്ടീവ്' പന്നികള്‍
കാട്ടുപന്നിയിറച്ചിവിഭവങ്ങള്‍ക്കു പ്രിയമേറെയുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ ഇപ്പോഴത്തെ പ്രശ്‌നം കാട്ടുപന്നികളാണ്. അവ സാധാരണ കാട്ടുപന്നികളല്ല, റേഡിയോ ആക്ടീവ് പന്നികളാണ്. രാജ്യത്ത് ഈ 'ആണവ പന്നികള്‍' പേടിസ്വപ്നമാകുന്നു. ലോകത്തെ നടുക്കിയ ചെര്‍ണോബില്‍ ആണവ ദുരന്തം തന്നെയാണ് 31 വര്‍ഷത്തിനുശേഷം ഇപ്പോള്‍ വീണ്ടും ചെക്ക് റിപ്പബ്ലിക്കിന്റെ ഉറക്കം കെടുത്തുന്നത്. റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ അടങ്ങിയ കൂണ്‍ തിന്നുന്നതാണ് പന്നികളെ അപകടകാരികളാക്കുന്നത്.
ഓസ്ട്രിയയും ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന, ചെക്ക് റിപ്പബ്ലിക്കിലെ സുമാവാ പര്‍വതമേഖലയില്‍ ധാരാളമുള്ള കൂണുകള്‍ പന്നികളുടെ ഇഷ്ടഭക്ഷണമാണ്. ഈ കൂണുകള്‍ക്ക് വലിയ അളവില്‍ സീസിയം 137 ഉള്‍പ്പെടെയുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ആഗിരണം ചെയ്യാനാവും. 1986-ല്‍ ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്ന് വന്‍തോതില്‍ സീസിയം 137 അന്തരീക്ഷത്തില്‍ കലര്‍ന്നിരുന്നു. ഇതിന്റെ സാന്നിധ്യമുള്ള കൂണ്‍ തിന്നുന്ന പന്നികളുടെ ഇറച്ചിയും വിഷമയമാകും. ഇത്തരമൊരു അപകടസാധ്യത നേരത്തേ കണക്കാക്കിയിരുന്നെന്നും എല്ലാ ഭക്ഷ്യപദാര്‍ഥവും പരിശോധിക്കേണ്ടതുണ്ടെന്നും ചെക്ക് സ്‌റ്റേറ്റ് വെറ്ററിനറി അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥന്‍ ജിറി ഡ്രാപല്‍ പറയുന്നു.
2014-മുതല്‍ 2016-വരെയുള്ള കാലയളവില്‍ പരിശോധിച്ച 614 പന്നികളില്‍ 47 ശതമാനത്തിലും റേഡിയോ ആക്ടീവ് പദാര്‍ഥസാന്നിധ്യം കണ്ടെത്തിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഭീതിയിലാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
2014-ല്‍ നോര്‍വേയില്‍ റെയ്ന്‍ഡീയറുകളിലും ചെമ്മരിയാടുകളിലും ഉയര്‍ന്ന തോതില്‍ റേഡിയോ ആക്ടീവ് പദാര്‍ഥസാന്നിധ്യമുള്ളതായി നോര്‍വീജിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി കണ്ടെത്തിയിരുന്നു. 1986 ഏപ്രില്‍-26 ന് യുക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ റിയാക്ടറില്‍ സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്ന് ആണവവികിരണമുണ്ടായി. 31 പേരാണ് സംഭവത്തെത്തുടര്‍ന്ന് ഉടന്‍ മരിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആണവവികിരണമേറ്റ് അതീവഗുരുതരമായ രോഗങ്ങളുണ്ടായി.
https://www.facebook.com/Malayalivartha