അടിച്ചു പാമ്പായ പെരുമ്പാമ്പ്!
അമിതമായി ലഹരി ഉപയോഗിച്ചു കോണു തെറ്റി നടക്കുന്നവരെ പാമ്പുകളെന്നു തമാശയ്ക്കു വിളിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പാമ്പുകള്‍ ലഹരി ഉപയോഗിച്ച് ഇതേ അവസ്ഥയില്‍ കിറുങ്ങി നടന്നാല്‍ അല്‍പം ബുദ്ധിമുട്ടാകും. അതും വെറും പാമ്പല്ല, സാക്ഷാല്‍ പെരുമ്പാമ്പാണ് ഇവിടെ ലഹരിക്ക് അടിമയായത്. സിഡ്‌നിയിലെ ഒരു വന്യജീവി വില്‍പ്പനക്കാരനില്‍ നിന്നു പിടിച്ചെടുത്ത പാമ്പാണ് ലഹരി ഉപയോഗം മൂലം അക്രമവാസന കാട്ടിയതിനെ തുടര്‍ന്നു പുനരധിവാസ കേന്ദ്രത്തിലെത്തിയത്.
ആറു മാസം മുന്‍പാണ് അനധികൃതമായി വളര്‍ത്തിയിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. പിടികൂടാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ പാമ്പ് അമിതമായ അക്രമവാസന കാണിച്ചു. തുടര്‍ന്നാണ് പാമ്പിനെ വിദഗ്ധപരിശോധനയ്ക്കായി വിന്‍ഡ്‌സറിലുള്ള വൈല്‍ഡ് ലൈഫ് കെയര്‍ സെന്ററില്‍ എത്തിച്ചത്. വിശദമായി പരിശോധിച്ചപ്പോഴാണ് പാമ്പ് ലഹരിക്ക് അടിമയാണെന്നു വ്യക്തമായത്.
മെത്താംഫെറ്റാമിന്‍ എന്ന ലഹരി വസ്തുവാണ് അതിനെ വളര്‍ത്തിയിരുന്നയാള്‍ നല്‍കിയിരുന്നത്. പാമ്പ് കൂടുതല്‍ ഉന്മേഷത്തോടെയും ഉണര്‍വോടെയും കാണപ്പെടാനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നു കരുതുന്നു. വിപണിയില്‍ ഇവ പെട്ടെന്നു വിറ്റുപോകാന്‍ ഇങ്ങനെ കാണപ്പെടുന്നത് സഹായിക്കും.
എന്തായാലും ആറു മാസത്തെ ചികിത്സയ്ക്കു ശേഷം പെരുമ്പാമ്പ് ലഹരിയില്‍ നിന്നു മുക്തനായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ സാധാരണ ഗതിയില്‍ ഇര പിടിക്കുകയും ശാന്തനായി കിടക്കുകയും ചെയ്യുന്നുണ്ട്. മറ്റു പലമൃഗങ്ങളും ലഹരിക്ക് അടിമയായി കണ്ടിട്ടുണ്ടെങ്കിലും പാമ്പിനെ ഇങ്ങനെ കാണുന്നത് ഇതാദ്യമാണെന്നു പുനരധിവാസ കേന്ദ്രത്തിലെ ഡോക്ടര്‍മാരും പറയുന്നു.
https://www.facebook.com/Malayalivartha