അമ്പതു വയസ്സുള്ള ആലിന്റെ വാസം ഇനി സെന്‍ട്രല്‍ ജയില്‍ പരിസരത്ത്!
അരനൂറ്റാണ്ട് പ്രായമുള്ള ആല്‍മരം അടക്കം നാല് മരങ്ങള്‍ക്ക് കോടാലിപ്പിടിയില്‍നിന്ന് മോചനം. സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടിലായിരിക്കും ഈ 'മുതിര്‍ന്ന മരം' ഇനി സ്ഥാനം പിടിക്കുക. കോയമ്പത്തൂരില്‍ മേല്പാലം വരുന്നതിന്റെ ഭാഗമായി പാര്‍ക്ക് ഗേറ്റ് കവല വീതി കൂട്ടുന്നതിനാല്‍ മുറിച്ചുമാറ്റേണ്ടിവരുമായിരുന്ന നാല് മരങ്ങളാണ് ഒസായി പരിസ്ഥിതിസംഘടനയുടെ സഹായത്തോടെ പറിച്ചുനടുന്നത്.
35 വയസ്സ് പ്രായംവരുന്ന വേപ്പുമരവും 20 വയസ്സുള്ള മറ്റ് രണ്ട് മരങ്ങളുമാണ് ഇതോടൊപ്പം പുതിയ സ്ഥലത്ത് പുതിയ ജീവിതം തുടങ്ങുന്നത്. ആലിനെ ആദ്യം പോലീസ് റിക്രൂട്ട്‌സ് സ്‌കൂളില്‍ പറിച്ചുനടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മണ്ണില്‍ പാറയുടെ സാന്നിദ്ധ്യം കുടുതലായതിനാല്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തേക്ക് മാറ്റുകയായിരുന്നു.
ദേശീയപാത അധികൃതരാണ് മരം മാറ്റിനടാനായി ഒസായിയെ സമീപിച്ചത്. സാധാരണഗതിയില്‍ ഈ മരം പറിച്ചുനടുന്നതിന് 40,000 രൂപ ചെലവുവരുമെന്ന് ഒസായി പ്രവര്‍ത്തകന്‍ കെ. സയ്യിദ് പറഞ്ഞു. എന്നാല്‍ മരം മാറ്റുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ദേശീയപാത അധികൃതരാണ് ഏര്‍പ്പെടുത്തിയത്.
വേപ്പുമരം അടുത്തദിവസം തന്നെ പോലീസ് റിക്രൂട്ട്‌സ് സ്‌കൂളില്‍ പറിച്ചുനടും. അവശേഷിക്കുന്ന രണ്ട് മരങ്ങള്‍ ട്രിച്ചി റോഡിലുള്ള ദേശീയപാത ഓഫീസ് പരിസരത്ത് ഇടം കണ്ടെത്തും. ആല്‍ ആദ്യം നിന്നിരുന്ന സ്ഥലത്തെ തായ്മണ്ണ് സെന്‍ട്രല്‍ ജയില്‍ പരിസരത്തെ പുതുതായുള്ള കുഴിയില്‍ വിതറിയശേഷമാണ് മരം കുഴിച്ചിടുക.
ആദ്യം മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി കലര്‍ത്തും. പിന്നെ മണ്ണിരയെ നിക്ഷേപിക്കും. തുടര്‍ന്ന്, മരത്തിന്റെ തായ് തടി മുഴുവന്‍ നനയ്ക്കും. പിന്നീട് എല്ലാദിവസവും വേരില്‍ നനയ്ക്കുകയും ചെയ്യും. പറിച്ചുനടുന്നതിന്റെ ഭാഗമായി നേരത്തെ മരത്തിന്റെ ചില്ലകളെല്ലാം വെട്ടിമാറ്റിയിരുന്നു.
https://www.facebook.com/Malayalivartha