രണ്ടു പേരെ ആക്രമിച്ച പുലിയെ സാഹസികമായി കീഴടക്കി
കുട്ടിയെയും ഫോറസ്റ്റ് റേഞ്ചറെയും ആക്രമിച്ച പുലിയെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഒഡിഷയിലെ ബോലാംഗിര്‍ ജില്ലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുലിയെ ആദ്യം കണ്ടത്. അനിരുദ്ധ് റാണ എന്നയാളുടെ വീട്ടില്‍ പുലി കയറുകയായിരുന്നു. അയല്‍ക്കാര്‍ കണ്ടതിനെത്തുടര്‍ന്ന് ബഹളംവെച്ച് പുലിയെ ഓടിച്ചു.
ഇതിനിടയില്‍ ബറൂണ്‍ റാണയുടെ മകന്‍ മിലനെ പുലി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രദേശവാസിയായ ഫോറസ്റ്റ് റേഞ്ചര്‍ ബിജയ് സ്ഥലത്തെത്തുകയും പുലിയെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തെയും പുലി ആക്രമിക്കുകയായിരുന്നു. പുലിയെ പിടിക്കാന്‍ കെണിയുമായി വീടിന് മുകളില്‍ നിന്ന സത്യജിത് ഖുണ്ടേക്കല്‍ എന്ന വനംവകുപ്പുദ്യോഗസ്ഥനെ ഓടുപൊളിച്ചു വന്ന പുലി ആക്രമിച്ചു.
പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ടെറസില്‍ നിന്ന് ചാടിയ ഇയാള്‍ക്കും പരിക്കേറ്റു. 12 മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് പുലിയെ കീഴ്‌പ്പെടുത്താനായത്. ഇതിനിടെ അനേകം പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മയക്കുവെടിവെച്ച് പിടിച്ച പുലിയെ കൂട്ടിലാക്കി കാട്ടിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ മിലന്‍ റാണയും ഫോറസ്റ്റ് റേഞ്ചര്‍ ബിജയ് ഖുനിതിയയും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha