പങ്കിടലിനു പുതിയ വഴിയൊരുക്കുന്നു ഈ നന്മമരം!
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വിശന്ന വയറോടെ ഉറങ്ങാന്‍ പോകുന്ന അനേകര്‍ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ടെന്ന് നാമൊക്കെ അറിയുന്നുമുണ്ട്.
എന്നാല്‍ നമുക്ക് ആവശ്യമുള്ളതിലും അധികം ഭക്ഷണം ഉണ്ടാക്കിയിട്ട് അത് മിച്ചം വരുമ്പോള്‍ എടുത്ത് മാലിന്യക്കുഴിയില്‍ കളയുമ്പോള്‍ ആ ഭക്ഷണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിച്ച് സ്വപ്നത്തില്‍, ഭക്ഷണം കാണുന്ന പട്ടിണിക്കോലങ്ങള്‍ ഉണ്ടെന്ന് ആരും ഓര്‍ക്കാറേ ഇല്ല.
എന്നാല്‍ അവരെ കുറിച്ച് ഓര്‍ക്കുന്നവരുമുണ്ട്. അതിലൊരാളാണ് കൊച്ചിയിലെ പപ്പടവട എന്ന ഹോട്ടല്‍ നടത്തുന്ന മിനു പൗളിന്‍. ഭക്ഷണം പാഴാക്കിക്കളയുന്നതിനോട് മിനുവിന് തീര്‍ത്തും വിയോജിപ്പാണുള്ളത്. മിച്ചം വരുന്ന ഭക്ഷണം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മനുവിന്റെ മനസ്സില്‍ ഒരു ആശയം ഉദിച്ചത്. പട്ടിണിപ്പാവങ്ങള്‍ക്കു പ്രയോജനമാകും വിധത്തില്‍ ആ ഭക്ഷണം ഉപയോഗപ്പെടുത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. അതിനായി അവര്‍ എന്താണ് ചെയ്തതെന്നോ?
തങ്ങളുടെ ചായക്കടയുടെ മുന്നില്‍ ഒരു ഫ്രിഡ്ജ് സ്ഥാപിച്ചു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആ ഫ്രിഡ്ജില്‍ ആ പ്രദേശത്തുള്ള ആര്‍ക്കു വേണമെങ്കിലും മിച്ചം വന്ന ഭക്ഷണം കൊണ്ടുവന്നു വയ്ക്കാം. വിശക്കുന്ന ആര്‍ക്കു വേണമെങ്കിലും ആ ഫ്രിഡ്ജ് തുറന്നു സൗജന്യമായി ആ ഭക്ഷണം എടുത്ത് കഴിയ്ക്കുകയുമാവാം. എത്ര ഉന്നതമായ ചിന്തയാണത് അല്ലേ? ആര്‍ക്കും വേണ്ടാതെ കളയുന്ന ആ ഭക്ഷണം അങ്ങനെ ആവശ്യക്കാര്‍ക്ക് ഉപകരിക്കുന്നു.
ഇത് പോലെ ഒരു ഫ്രിഡ്ജ് ബംഗളൂരുവിലും സ്ഥാപിച്ചിട്ടുണ്ട്. അതിനു പേര് കാരുണ്യത്തിന്റെ ഫ്രിഡ്ജ് എന്നാണ്. തന്റെ ഫ്രിഡ്ജിനു മിനു പൗളിനും ഒരു പേര് ഇട്ടിട്ടുണ്ട്.നന്മമരം എന്നാണ് കൊച്ചിയിലെ ആ ഫ്രിഡ്ജിന്റെ പേര്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ആ ഫ്രിഡ്ജിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നത് മിനു പൗളിന്‍ തന്നെയാണ്. നന്മയുള്ള മനസ്സ് സമ്മാനിച്ച ആ നന്മമരം അനേകം പേരുടെ വിശപ്പു മാറ്റട്ടെ എന്ന് നമുക്ക് ആശംസിയ്ക്കാം.
https://www.facebook.com/Malayalivartha